വന്ദേഭാരത് പ്രധാനമന്ത്രി ഇന്ന് ഫ്‌ളാഗ് ഓഫ് ചെയ്യും; കനത്ത സുരക്ഷാ വലയത്തില്‍ തലസ്ഥാനം

വന്ദേഭാരത് പ്രധാനമന്ത്രി ഇന്ന് ഫ്‌ളാഗ് ഓഫ് ചെയ്യും;  കനത്ത സുരക്ഷാ വലയത്തില്‍ തലസ്ഥാനം

തിരുവനന്തപുരം: വന്ദേഭാരത് എക്‌സ്പ്രസ് ഫ്‌ളാഗ് ഓഫ് ചെയ്യാനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി കൊച്ചിയില്‍ നിന്ന് രാവിലെ തിരുവനന്തപുരത്തെത്തും. 10.15 ന് വിമാനത്താവളത്തിലെത്തുന്ന അദ്ദേഹത്തെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിക്കും. 10.30 ന് തമ്പാനൂര്‍ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ വന്ദേഭാരത് എക്‌സ്പ്രസ് ഫ്‌ളാഗ് ഓഫ് ചെയ്യും.

പതിനൊന്നിന് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ കൊച്ചി വാട്ടര്‍ മെട്രോയും പൂര്‍ണമായി വൈദ്യുതീകരിച്ച ദിണ്ടിഗല്‍- പളനി- പാലക്കാട് സെക്ഷന്‍ റെയില്‍ പാതയും നാടിന് സമര്‍പ്പിക്കും.

ഡിജിറ്റല്‍ സര്‍വകലാശാലയുടെ ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക്, കൊച്ചുവേളി, തിരുവനന്തപുരം, നേമം റെയില്‍വേ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ചുള്ള തിരുവനന്തപുരം റെയില്‍മേഖലയുടെ വികസനം, തിരുവനന്തപുരം സെന്‍ട്രല്‍, വര്‍ക്കല ശിവഗിരി, കോഴിക്കോട് റെയില്‍വേ സ്റ്റേഷനുകള്‍ രാജ്യാന്തര നിലവാരത്തിലേക്കുയര്‍ത്തുന്ന പദ്ധതി, തിരുവനന്തപുരം- ഷൊര്‍ണൂര്‍ സെക്ഷനിലെ ട്രെയിനുകളുടെ വേഗം മണിക്കൂറില്‍ 110 കിലോ മീറ്ററാക്കുന്ന പദ്ധതി എന്നിവയുടെ ശിലാസ്ഥാപനവും നിര്‍വഹിക്കും. 12.40ന് പ്രധാനമന്ത്രി കേന്ദ്രഭരണ പ്രദേശമായ ദാദ്രനഗര്‍ ഹവേലിക്ക് പുറപ്പെടും.

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തെ തുടര്‍ന്ന് തലസ്ഥാനത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരം, പൊതുസമ്മേളനം നടക്കുന്ന സെന്‍ട്രല്‍ സ്റ്റേഡിയം, തിരുവനന്തപുരം നഗരം എന്നിവിടങ്ങള്‍ അതീവ സുരക്ഷാ മേഖലയാണ്.

റെയില്‍വേ സ്റ്റേഷന്‍, സെന്‍ട്രല്‍ സ്റ്റേഡിയം എന്നിവയുടെ സുരക്ഷ ഞായറാഴ്ച തന്നെ കേന്ദ്രസേന ഏറ്റെടുത്തിരുന്നു. സംസ്ഥാന പോലീസും കനത്ത സുരക്ഷയാണ് റെയില്‍വേ സ്റ്റേഷനില്‍ ഒരുക്കിയിരിക്കുന്നത്. സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനുകളില്‍ യാത്രക്കാര്‍ക്ക് തിങ്കളാഴ്ച മുതല്‍ കടുത്ത നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയത്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.