ആശ്വാസം: സംസ്ഥാനത്ത് മഴ ശക്തമാകും; വരും ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

ആശ്വാസം: സംസ്ഥാനത്ത് മഴ ശക്തമാകും; വരും ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വരും ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. നിലവില്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ മഴയ്ക്ക് സാധ്യതയില്ലെങ്കിലും ഇനിയുള്ള ദിവസങ്ങളില്‍ ഇവിടേക്കും മഴ എത്തുമെന്നാണ് മുന്നറിയിപ്പ്.

ഇന്ന് കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ട്. വ്യാഴാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 30 മുതല്‍ 40 കിലോമീറ്റര്‍ വേഗതയില്‍ വരെ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

നാളെ പത്തനംതിട്ടയും വ്യാഴാഴ്ച എറണാകുളത്തും യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും ഈ ജില്ലകളില്‍ സാധ്യതയുണ്ട്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നതുകൊണ്ട് അര്‍ഥമാക്കുന്നത്. ഇന്നലെ കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലും യെല്ലോ അലേര്‍ട്ടായിരുന്നു.

സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളില്‍ കൊടും ചൂടാണ് അനുഭവപ്പെട്ടത്. ഇതിനിടെയാണ് വേനലിന് ആശ്വാസമായി മഴ ശക്തമാകുമെന്ന മുന്നറിയിപ്പ് പുറത്ത് വരുന്നത്. കഴിഞ്ഞ ദിവസങ്ങളിലും വിവിധ ജില്ലകളുടെ മലയോര മേഖലകളില്‍ മഴ ലഭിച്ചിരുന്നു. അതേസമയം കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വെള്ളിയാഴ്ച വരെ നിലവിലെ സ്ഥിതി തുടരാനാണ് സാധ്യത.

ഏപ്രില്‍ 27 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 30 മുതല്‍ 40 കി.മീ വേഗതയില്‍ വരെ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. 2023 ഏപ്രില്‍ 28 ന് കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിപ്പ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.