ന്യൂഡല്‍ഹി: ലൈഫ് മിഷന്‍ കോഴക്കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ ജാമ്യം തേടി സുപ്രീം കോടതിയിലേക്ക്. വടക്കാഞ്ചേരി ലൈഫ് പദ്ധതിയുമായി ബന്ധമില്ലെന്നും യുഎഇ കോണ്‍സുലേറ്റാണ് യുണിടാക്കിനെ തിരഞ്ഞെടുത്തതെന്നും ശിവശങ്കര്‍ ഹര്‍ജിയില്‍ പറയുന്നു.
യുണിടാക്കിനെ തിരഞ്ഞെടുക്കുന്നതില്‍ തനിക്കോ സര്‍ക്കാരിനോ പങ്കില്ല. ലോക്കറുമായി തനിക്ക് ബന്ധമില്ലെന്നും ഈ സാഹചര്യത്തില്‍ ജാമ്യം നല്‍കണമെന്നുമാണ് ഹര്‍ജിയില്‍ ശിവശങ്കര്‍ ആവശ്യപ്പെടുന്നത്. കേസില്‍ ശിവശങ്കറിനെ ഒന്നാം പ്രതിയായും സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ രണ്ടാം പ്രതിയായും എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് കഴിഞ്ഞാഴ്ച കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.
ലൈഫ് മിഷന്‍ അഴിമതിക്കേസിന്റെ മുഖ്യ സൂത്രധാരന്‍ ശിവശങ്കറാണെന്നും കള്ളപ്പണ ഇടപാടെന്നറിഞ്ഞു കൊണ്ടാണ് കോഴ കൈപ്പറ്റിയതെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കേസില്‍ ആകെ 11 പേരാണ് പ്രതിപട്ടികയില്‍ ഉള്ളത്.