ട്രാക്കിലെ കുതിപ്പിന് പച്ചക്കൊടി; വന്ദേ ഭാരത് ഫ്‌ളാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി

ട്രാക്കിലെ കുതിപ്പിന് പച്ചക്കൊടി; വന്ദേ ഭാരത് ഫ്‌ളാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി

തിരുവനന്തപുരം: കേരളത്തിന് അനുവദിച്ച ആദ്യ വന്ദേ ഭാരത് എക്സ്പ്രസ് പ്രധാനമന്ത്രി നരേന്ദ്ര മോഡി തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനില്‍ ഫ്ളാഗ് ഓഫ് ചെയ്തു.

മുന്‍കൂട്ടി നിശ്ചയിച്ചതില്‍ നിന്നും മാറി ഫ്‌ളാഗ് ഓഫിന് മുന്‍പ് വന്ദേ ഭാരതിന്റെ സി 1 കോച്ചില്‍ കയറിയ പ്രധാനമന്ത്രി സി 2 കോച്ചിലെത്തി വിദ്യാര്‍ഥികളുമായി ആശയ വിനിമയം നടത്തി. വിദ്യാര്‍ഥികള്‍ വരച്ച ചിത്രങ്ങള്‍ അടക്കമുള്ളവ അദേഹം നേരിട്ട് കണ്ടു.

വിദ്യാര്‍ഥികള്‍ പ്രധാന മന്ത്രിക്ക് വിവിധ ഉപഹാരങ്ങള്‍ നല്‍കി. പ്രധാനമന്ത്രിക്കൊപ്പം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, തിരുവനന്തപുരം എം.പി. ശശി തരൂര്‍ എന്നിവരും ഉണ്ടായിരുന്നു. മുണ്ടും ഷര്‍ട്ടുമായിരുന്നു പ്രധാനമന്ത്രിയുടെ വേഷം.

കൊച്ചിയില്‍ നിന്ന് തിരുവനന്തപുരം വ്യോമസേനയുടെ ടെക്നിക്കള്‍ ഏരിയയില്‍ വിമാനമിറങ്ങിയ പ്രധാനമന്ത്രിയെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ശശി തരൂര്‍ എംപി എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

10.20 ഓടെ തിരുവനന്തപുരത്ത് എത്തിയ പ്രധാനമന്ത്രി, 10.50 ഓടെയാണ് തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയത്. വിമാനത്താവളത്തില്‍ നിന്ന് റോഡ് ഷോയായാണ് അദ്ദേഹം റെയില്‍വേ സ്റ്റേഷനില്‍ എത്തിയത്. വഴിയരികില്‍ കാത്തുനിന്ന ബി.ജെ.പി. പ്രവര്‍ത്തകരെ അദ്ദേഹം കൈവീശി അഭിസംബോധന ചെയ്തു.

കൊച്ചി വാട്ടര്‍ മെട്രോ, വൈദ്യുതീകരിച്ച പാലക്കാട്-പളനി-ദിണ്ടിഗല്‍ സെക്ഷന്‍ റെയില്‍പ്പാത എന്നിവയ്ക്ക് പുറമേ 3,200 കോടിയുടെ മറ്റു വികസന പദ്ധതികളുടെ സമര്‍പ്പണവും ശിലാസ്ഥാപനവും പ്രധാനമന്ത്രി നിര്‍വഹിക്കും.

നേമം, കൊച്ചുവേളി ടെര്‍മിനല്‍ വികസന പദ്ധതിയാണ് ഉദ്ഘാടനം ചെയ്യപ്പെടുന്ന മറ്റൊരു പദ്ധതി. തിരുവനന്തപുരം, കഴക്കൂട്ടം, വര്‍ക്കല-ശിവഗിരി റെയില്‍വേ സ്റ്റേഷനുകളുടെ നവീകരണത്തിന്റെ നിര്‍മാണോദ്ഘാടനം നിര്‍വഹിക്കും.

തിരുവനന്തപുരം-ഷൊര്‍ണൂര്‍ മേഖലയിലെ തീവണ്ടിപ്പാതയിലെ വേഗവര്‍ധന, തിരുവനന്തപുരം ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക് എന്നീ പദ്ധതികള്‍ക്ക് അദ്ദേഹം ശിലാസ്ഥാപനം നടത്തും. കൊച്ചിയിലെ 10 ദ്വീപുകളെ ബന്ധിപ്പിക്കുന്ന കൊച്ചി വാട്ടര്‍ മെട്രോ, വൈദ്യുതീകരിച്ച ദിണ്ടുഗല്‍- പഴനി- പാലക്കാട് തീവണ്ടിപ്പാത എന്നിവ നാടിന് സമര്‍പ്പിക്കും.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.