തിരുവനന്തപുരം: കേരളത്തിലെ റെയില്‍വെ ട്രാക്കുകള്‍ പരിഷ്‌കരിച്ച് ട്രെയിനുകള്‍ക്ക് കൂടുതല്‍ വേഗത്തില്‍ സഞ്ചരിക്കാനുള്ള സൗകര്യം ഒരുക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. പ്രധാനമന്ത്രി നരേന്ദ്ര മോഡി വന്ദേ ഭാരത് എക്‌സ്പ്രസ് ഫ്‌ളാഗ് ഓഫ് ചെയ്ത ശേഷം നടന്ന പൊതു സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദേഹം.
പാളത്തിലെ വളവുകളാണ് കേരളത്തില്‍ വേഗത കുറയ്ക്കുന്നത്. ലോകോത്തര സിഗ്നലിങ് സിസ്റ്റം കേരളത്തില്‍ കൊണ്ടുവരും. പാളങ്ങളില്‍ വളവുകള്‍ നികത്തി നേരെയാക്കും. 24 മാസത്തിനുള്ളില്‍ 110 കിലോമീറ്റര്‍ വേഗത്തില്‍ വന്ദേ ഭാരത് സര്‍വീസ് നടത്തും. 381 കോടി ചെലവഴിച്ച് വന്ദേ ഭാരതിന്റെ വേഗത 130 കിലോമീറ്ററിലേക്കും 160 കിമീറ്ററിലേക്കും വര്‍ധിപ്പിക്കും.
അടുത്ത 48 മാസത്തിനുള്ളില്‍ തിരുവനന്തപുരത്ത് നിന്ന് മംഗലാപുരത്തേക്ക് ആറ് മണിക്കൂറിലും കാസര്‍കോടേക്ക് അഞ്ചര മണിക്കൂറിലും എത്താനാകും. 2033 കോടിയുടെ റെയില്‍വെ വികസന പ്രവര്‍ത്തനങ്ങളാണ് സംസ്ഥാനത്ത് ലക്ഷ്യമിടുന്നതെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.