കേരള ജനത തനിക്ക് ഏറെ അംഗീകാരം നല്കി : ശ്രീകുമാരന്‍ തമ്പി

കേരള ജനത തനിക്ക് ഏറെ അംഗീകാരം നല്കി : ശ്രീകുമാരന്‍ തമ്പി

കൊച്ചി: കേരള ജനത തനിക്ക് ഏറെ അംഗീകാരം നല്കിയെന്ന് പ്രശസ്ത ഗാനരചയിതാവും സംഗീത സംവിധായകനും സിനിമാ സംവിധായകനുമായ ശ്രീകുമാരന്‍ തമ്പി സീന്യൂസ് വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ സമഗ്ര സംഭാവനയ്ക്കുള്ള അവാര്‍ഡ് സ്വീകരിച്ചശേഷം മറുപടി പ്രസംഗത്തില്‍ പറഞ്ഞു. ഈ അവാര്‍ഡ് ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്നും അടുത്ത ഒരാഴ്ച്ചയില്‍ തന്നെ അഞ്ചു പുരസ്‌കാരം സ്വീകരിക്കാന്‍ പോകുനെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് നമ്മള്‍ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്‌നം നമ്മുടെ രാഷ്ട്രീയ നേതാക്കളുടെ വാക്കും മനസും ഒന്നാകുന്നില്ലെന്നതാണ്. രാഷ്ട്രീയ നേതാക്കള്‍ ജനങ്ങളെ സേവിക്കേണ്ടവരാണ്. എന്നാല്‍ ഇന്ന് ഒരു പഞ്ചായത്തംഗം പോലും ഒരു രാജാവിനെപ്പോലെയാണ്. അവരുടെ കൂട്ടാളികളായി 10 ലധികം ആളുകള്‍. ഇതേ അവസ്ഥയാണ് പഞ്ചായത്ത് പ്രസിഡന്റ് മുതല്‍ മന്ത്രിമാര്‍ വരെയുള്ള സ്ഥാനങ്ങളിലും. പണ്ട് ഒരു രാജാവ് മാത്രം ഉണ്ടായിരുന്ന സ്ഥാനത്ത് ഇന്ന് ഒരായിരം രാജാക്കന്‍മാരെയാണ് ജനാധിപത്യം നമുക്കു സമ്മാനിച്ചതെന്നും അദേഹം പറഞ്ഞു. ചില സത്യങ്ങള്‍ വിളിച്ചു പറയുന്നതിനാലാവും തനിക്ക് പത്മ പുരസ്‌കാരം ലഭിക്കാതിരിക്കാന്‍ കാരണമെന്നും ശ്രീകുമാരന്‍ തമ്പി കൂട്ടിച്ചേര്‍ത്തു.

' ബിഷപ്പ് പാംബ്ലാനി നിര്‍ഭയനായ വ്യക്തിത്വം '
പലരും മറച്ചുവെയ്ക്കുന്ന കാര്യങ്ങള്‍ വ്യക്തമായി തുറന്നു പറയാന്‍ ബിഷപ്പ് മാര്‍ ജോസഫ് പാംബ്ലാനി കാണിക്കുന്ന ധൈര്യം ഏറെ ശ്രദ്ധേയമാണെന്ന് ഫ്ളവേഴ്സ് ടി വി & 24 ന്യൂസ് മാനേജിംഗ് ഡയറക്ടര്‍ ശ്രീകണ്ഠന്‍നായര്‍ പറഞ്ഞു. ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമപ്രവര്‍ത്തനം ഏക തൂണായി മാറരുതെന്ന ബിഷപ്പിന്റെ വാക്കുകള്‍വളരെ ശ്രദ്ധേയമാണെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. താന്‍ വിശ്വസിക്കുന്നത് മനുഷ്യജീവിതം നെല്ലിന്‍ കതിര്‍പോലെയാവണം. എത്ര ഉയരത്തിലായാലും വിനയം പുലര്‍ത്താന്‍ കഴിയണം. അത്തരത്തില്‍ വിനയം പുലര്‍ത്തുന്നതില്‍ ഏറെ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഗോവാ ഗവര്‍ണറെ സീന്യൂസ് ലൈവിന്റെ വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യാന്‍ കിട്ടിയത് അഭിനന്ദനാര്‍ഹമാണെന്നും അ്ദദേഹം പറഞ്ഞു.

' സ്വാധീനിച്ചത് മഹാത്മാഗാന്ധിയും റാണി ലക്ഷ്മീ ഭായിയും '
മഹാത്മാഗാന്ധിയും റാണി ലക്ഷ്മീ ഭായിയും തന്റെ ജീവിതത്തെ ഏറെ സ്വാധീനം ചെലുത്തിയതായി സാമൂഹിക പ്രവര്‍ത്തക ദയാബായി പറഞ്ഞു. കുട്ടിക്കാലത്ത് അവരെക്കുറിച്ചുള്ള വാര്‍ത്തകള്‍ വായിച്ചപ്പോള്‍ അവരുടെ പല ആശയങ്ങളിലും ആകൃഷ്ടയായി. അതാണ് സമൂഹത്തിന്റെ ഏറ്റവും അടിസ്ഥാന മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ ഏറെ പ്രചോദനമായതെന്നും ദയാബായി കൂട്ടിച്ചേര്‍ത്തു. കാസര്‍ഗോഡ് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ധനസഹായം നല്കിക്കഴിഞ്ഞാല്‍ എല്ലാ നടപടിയും പൂര്‍ത്തിയായി എന്നു പറയുന്നത് അംഗീകരിക്കാന്‍ കഴിയില്ല. അവര്‍ക്ക് എപ്പോഴും തുണയായി നില്ക്കാന്‍ അധികാരികള്‍ തയാറാവണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

മൂല്യാധിഷ്ഠിത മാധ്യമപ്രവര്‍ത്തനത്തിലൂടെ കുറഞ്ഞ കാലയളവിനുള്ളില്‍ ലോകത്തെമ്പാടുമുള്ള മലയാളികളുടെ വാനയാമുറിയില്‍ ഇടം പിടിച്ച സീന്യൂസ് ലൈവ് ജനകീയ വിഷയങ്ങളില്‍ എന്നും ശക്തമായ ഇടപെടലുകള്‍ നടത്തിവരികയാണ്. ഗ്ലോബല്‍ മലയാളികളുടെ നേതൃത്വത്തില്‍ ഗ്ലോബല്‍ മീഡിയ നെറ്റ്വര്‍ക്കിംഗ് ആരംഭിച്ച സീന്യൂസ് ലൈവ് കക്ഷി മത ജാതി രാഷ്ട്രീയ പക്ഷങ്ങളില്ലാതെ സത്യത്തിന്റെ പക്ഷത്തു നിന്ന് വാര്‍ത്തകളെ അപഗ്രഥിക്കാനും ജനങ്ങളിലെത്തിക്കാനും നിതാന്ത ജാഗ്രതയോടെ പ്രവര്‍ത്തിക്കുന്നു.

മത നിരപേക്ഷ ചൈതന്യം ഉള്‍ക്കൊണ്ട് സമൂഹത്തില്‍ നന്മയുടെ സന്ദേശ വാഹകരാകാന്‍ ശ്രമിക്കുന്ന സീന്യൂസ് ലൈവ് മലയാളം, ഇംഗ്ലീഷ് ഭാഷകളില്‍ വലിയ മുന്നേറ്റങ്ങളാണ് ചുരുങ്ങിയ കാലത്തിനുള്ളില്‍ നേടിയിരിക്കുന്നത്. പ്രതിമാസം ഒരു കോടിയിലധികം വായനക്കാരാണ് ഇപ്പോള്‍ ഈ പോര്‍ട്ടലിനുള്ളത്. ഭാരതത്തിന്റെ സംസ്‌കാരവും വൈവിധ്യങ്ങളും അഭിമാന നേട്ടങ്ങളും ലോകത്തിന്റെ അതിര്‍ത്തികള്‍ വരെ എത്തിക്കാന്‍ സീന്യൂസ് ഇംഗ്ലീഷ് പോര്‍ട്ടല്‍ നിതാന്ത പരിശ്രമം നടത്തിക്കൊണ്ടിരിക്കുന്നു.

പരസ്യങ്ങളുടെ അതിപ്രസരമില്ലാതെ, കച്ചവട താല്പര്യങ്ങളില്ലാതെ എല്ലാ ഭൂഖണ്ഡങ്ങളിലുമുള്ള പ്രിയപ്പെട്ട പ്രവാസി മലയാളികള്‍ അവരുടെ കഴിവും സമയവും ചേര്‍ത്തു വെച്ചുള്ള ഈ മാധ്യമത്തിന്റെ മനോഹരമായ മുന്നേറ്റം അത്ഭുതാവഹമാണ്. 2021 മേയ് 21 ന് സീറോ മലബാര്‍ സഭയുടെ തലവന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടന കര്‍മ്മം നടത്തി പ്രവര്‍ത്തനം ആരംഭിച്ച ഈ പോര്‍ട്ടല്‍ ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വായനക്കാര്‍ സ്വന്തമായി ഏറ്റെടുത്തു കഴിഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.