തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ സേഫ് കേരള പദ്ധതി വഴി നടക്കുന്നത് പകല്‍ കൊള്ളയെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളം കണ്ട വലിയ അഴിമതി കൃത്യമായ ആസൂത്രണത്തോടെയാണ് നടത്തിയതെന്നും ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ചട്ടങ്ങള്‍ കാറ്റില്‍ പറത്തിയുള്ള ക്രമക്കേടുകളാണ് നടന്നത്. പദ്ധതിക്ക് അനുമതി നല്‍കിയ ഏപ്രില്‍ 12 ലെ ക്യാബിനറ്റ് ഉത്തരവ് തന്നെ വിചിത്രമാണ്. കൊള്ള നടന്നെന്ന് ബോധ്യപ്പെട്ടിട്ടും അതിന് അനുമതി നല്‍കുകയാണോ മന്ത്രിസഭ ചെയ്യേണ്ടതെന്നും ചെന്നിത്തല ചോദിച്ചു. തെറ്റ് നടന്നുവെന്ന് ബോധ്യപ്പെട്ട ശേഷം അനുമതി നല്‍കിയത് ക്യാബിനറ്റിന്റെ വലിയ പിഴയാണ്.
കരാര്‍ റദ്ദ് ചെയ്ത് ഉത്തരവാദികളെ ശിക്ഷിക്കുകയല്ലേ ക്യാബിനറ്റ് ചെയ്യേണ്ടിയിരുന്നതെന്ന് ചെന്നിത്തല ചോദിച്ചു. മന്ത്രി പി. രാജീവ് കൊള്ളയെ വെള്ളപൂശാനാണ് ശ്രമിച്ചത്. കള്ളന്മാര്‍ക്ക് കവചമൊരുക്കുകയാണ് മന്ത്രി. എഐ ക്യാമറാ പദ്ധതിയുമായി ബന്ധപ്പെട്ട നാല് രേഖകളും രമേശ് ചെന്നിത്തല പുറത്തു വിട്ടു. 75.32 കോടിയാണ് പദ്ധതി നടപ്പിലാക്കാന്‍ വേണ്ടത്.
രേഖകള്‍ അനുസരിച്ച് 83.6 കോടിക്ക് പദ്ധതി നടപ്പാക്കുമെന്നാണുള്ളത്. കരാറുകളില്‍ ട്രോയ്‌സ് എന്ന കമ്പനിയുടെ ഡയറക്ടര്‍ ജിതേഷിന്റെ റോളെന്താണെന്ന് വ്യക്തമാക്കണം. ശിവശങ്കറിന് സര്‍ക്കാരില്‍ ഉണ്ടായിരുന്നതിനേക്കാള്‍ സ്വാധീനം ജിതേഷിനുണ്ടെന്നാണ് മനസിലാക്കാന്‍ കഴിയുന്നത്.
പ്രസാദിയോ എന്ന കമ്പനിയെ കുറിച്ച് അന്വേഷണം വേണം. ഈ കമ്പനിക്ക് വിദേശത്ത് ബിസിനസ് ഉണ്ടെന്ന് പറയുന്നു അന്വേഷണത്തില്‍ ഒന്നുമില്ലെന്ന് വ്യക്തമായി. കമ്പനിയുടെ ഉടമ രാംജിത്ത് ആരാണ്, മുഖ്യമന്ത്രിയുമായി എന്ത് ബന്ധം, എത്രതവണ ക്ലിഫ് ഹൗസ് സന്ദര്‍ശിച്ചുവെന്നതടക്കമുള്ള വിവരങ്ങളെല്ലാം പുറത്ത് വരണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.