കോഴിക്കോട്: മാമുക്കോയക്ക് മലയാള സിനിമ അര്‍ഹിച്ച ആദരവ് നല്‍കിയില്ലെന്ന് സംവിധായകന്‍ വി.എം വിനു. മാമുക്കോയയുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് പലരും വരുമെന്ന് കരുതി. പക്ഷേ വന്നില്ല. പല പ്രമുഖരും വരാതിരുന്നത് മാമുക്കോയയോടുള്ള അനാദരവായെന്നും വിനു പറഞ്ഞു.
എറണാകുളത്ത് പോയി മരിച്ചാല്‍ കൂടുതല്‍ സിനിമാക്കാര്‍ വരുമായിരുന്നു. താന്‍ എറണാകുളത്ത് പോയി മരിക്കാന്‍ ശ്രമിക്കുമെന്ന് വി.എം വിനു പരിഹസിച്ചു. മാമുക്കോയയെ ഉപയോഗപ്പെടുത്തിയ എത്ര സംവിധായകരുണ്ട്. സത്യന്‍ അന്തിക്കാട് ഒഴികെ ഒരു കുട്ടി പോലും എത്തിയില്ല. വളരെ നീചമായ പ്രവര്‍ത്തിയായിപ്പോയി.
മാമുക്കോയ ഒരു കാര്യം ചെയ്യണമായിരുന്നു. ടാക്സി വിളിച്ച് എറണാകുളത്ത് പോയി മരിക്കണമായിരുന്നു. അപ്പോള്‍ എല്ലാവര്‍ക്കും വരാന്‍ സൗകര്യമാവുമായിരുന്നു. ഇവിടെ ദൂരമല്ലേ, അവര്‍ക്ക് വരാന്‍ പറ്റില്ലല്ലോ.
എത്രയെത്ര ചിത്രങ്ങളില്‍ പലരും ഒരുമിച്ച് അഭിനയിച്ചു. ആ സിനിമകളുടെയെല്ലാം വിജയത്തിന്റെ ഭാഗമായിരുന്നില്ലേ മാമുക്കോയ. അഭിനേതാക്കളും സംവിധായകരും സിനിമാ സംഘടനകളുടെ തലപ്പത്ത് ഇരിക്കുന്നവരും അത് ചിന്തിക്കേണ്ടതായിരുന്നുവെന്നും അദേഹം പറഞ്ഞു.
മാമുക്കോയയെ അവസാനമായി ഒരു നോക്കു കാണാന്‍ പുലര്‍ച്ചെ മുതല്‍ തന്നെ അരക്കിണറിലെ വീട്ടിലേക്ക് സാധാരണക്കാരായ ആളുകള്‍ ഒഴുകിയെത്തിയിരുന്നു. പോലീസിന്റെ ഗാര്‍ഡ് ഓഫ് ഓണറിന് ശേഷം രാവിലെ 10.15 ഓടെ കോഴിക്കോട് കണ്ണംപറമ്പ് ഖബര്‍സ്ഥാനിലാണ് മാമുക്കോയയുടെ മൃതദേഹം ഖബറടക്കിയത്.