തിരുവനന്തപുരം: ഓഫീസ് നടത്തിപ്പില്‍ ഗുരുതര വീഴ്ച്ച കണ്ടെത്തിയതിനെ തുടര്‍ന്ന് പൊതുമരാമത്ത് വകുപ്പില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. ചീഫ് ആര്‍ക്കിടെക്ടിനും ഡെപ്യൂട്ടി ചീഫ് ആര്‍ക്കിടെക്ടിനുമാണ് മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് സസ്‌പെന്‍ഷന്‍ കിട്ടിയത്.
മാര്‍ച്ച് 23 ന് മന്ത്രി ആര്‍ക്കിടെക്ട് വിങ്ങില്‍ പരിശോധന നടത്തിയിരുന്നു. തുടര്‍ന്ന് ഇവിടുത്തെ പ്രവര്‍ത്തനം പരിശോധിക്കാന്‍ വകുപ്പ് സെക്രട്ടറിയേയും പൊതുമരാമത്ത് വിജിലന്‍സിനേയും ചുമതലപ്പെടുത്തി. ഇവരുടെ പരിശോധനയില്‍ ഓഫീസ് പ്രവര്‍ത്തനത്തില്‍ ഗുരുതര വീഴ്ച കണ്ടെത്തി.
പ്രധാനപ്പെട്ട രജിസ്റ്ററുകളും രേഖകളും സൂക്ഷിക്കുന്നതില്‍ ഉള്‍പ്പെടെയാണ് ഗുരുതര വീഴ്ച കണ്ടെത്തിയത്. ജീവനക്കാരില്‍ പലരും കൃത്യസമയത്ത് ഹാജരാകുന്നില്ലെന്നും കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് കര്‍ശന നടപടിയെടുക്കാന്‍ തീരുമാനിച്ചത്. വകുപ്പിലെ മറ്റ് 18 ജീവനക്കാര്‍ക്കെതിരെ വകുപ്പുതല നടപടിയെടുത്തു. ഓഫിസിലെ 41 ജീവനക്കാരുടേയും ഹാജര്‍ രേഖകളില്‍ ക്രമക്കേട് കണ്ടെത്തുകയും ചെയ്തു.