തൃശൂര്‍: തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിക്കെതിരെ വധഭീഷണി മുഴക്കിയ കെ.ടി. ജലീലിനെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ച് ഇരിങ്ങാലക്കുട രൂപത മുഖപത്രം. ജലീല്‍ ക്രൈസ്തവ വിരോധിയും തീവ്രവാദ വേരുകളുള്ള ആളുമാണെന്നാണ് രൂപത മുഖപത്രമായ'കേരളസഭ'യിലെ കവര്‍ സ്റ്റോറിയില്‍ വിമര്‍ശനം.
നിരോധിക്കപ്പെട്ട സംഘടനയുമായി ബന്ധമുള്ള ജലീലിന്റെ വധഭീഷണി ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 153 എ അനുസരിച്ച് ശിക്ഷാര്‍ഹവും 506 വകുപ്പ് പ്രകാരം പിഴയും ഏഴ് വര്‍ഷം വരെ തടവും കിട്ടാവുന്ന കുറ്റമാണ്. കേസെടുക്കാന്‍ പൊലീസ് തയാറാകണം. സ്വര്‍ണക്കടത്ത്, കള്ളക്കടത്ത്, ന്യൂനപക്ഷാവകാശ തട്ടിപ്പ്, തുടങ്ങി നിരവധി ഗുരുതര ആരോപണങ്ങള്‍ നേരിടുകയും അഴിമതിയുടെ പേരില്‍ ലോകായുക്ത വിധിയെ തുടര്‍ന്ന് മന്ത്രിസ്ഥാനം തെറിക്കുകയും ചെയ്തയാളാണ് ജലീല്‍.
ഇസ്ലാമിസ്റ്റ് ചിന്താഗതിക്കാരനായ ജലീലിനെ ഇടതുമുന്നണിയാണ് സംരക്ഷിക്കുന്നത്. കേരളത്തില്‍ തീവ്ര ഇസ്ലാമിക കൂട്ടുകെട്ടാണുളളത്. ഇവിടെ ക്രൈസ്തവ സമൂഹം സുരക്ഷിതരല്ല. എല്‍ഡിഎഫിലും യുഡിഎഫിലും ജലീലിനെ പോലുള്ള തീവ്ര ഇസ്ലാമിസ്റ്റ് ചിന്താഗതിക്കാര്‍ നുഴഞ്ഞു കയറിയെന്നും ലേഖനം വിമര്‍ശിക്കുന്നു.
കര്‍ഷകരുടെ വോട്ട് വാങ്ങി അധികാരത്തിലേറിയശേഷം അവരെ വഞ്ചിക്കുന്ന ഇടത്-വലത് മുന്നണികളുടെ നടപടികള്‍ക്കെതിരെയാണ് ബിഷപ്പ് പാംപ്ലാനി പറഞ്ഞത്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും എം.എ. ബേബിയും ബിഷപ്പ് പാംപ്ലാനിയുടെ വാക്കുകള്‍ ദുര്‍വ്യാഖ്യാനം ചെയ്തു. അപ്പോഴാണ് കടുത്ത ക്രൈസ്തവ വിരോധിയും തീവ്രവാദ വേരുകളുമുള്ള ജലീല്‍ രംഗത്തുവന്നതെന്നും ലേഖനം കുറ്റപ്പെടുത്തുന്നു.