ന്യൂഡൽഹി: അപകീർത്തി കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ അപ്പീൽ നാളെ ഗുജറാത്ത് ഹൈക്കോടതി പരിഗണിക്കും. പുതിയ ബെഞ്ചാണ് ഹർജി പരിഗണിക്കുക. ജസ്റ്റിസ് ഹേമന്ദ് പ്രച്ഛകിന്റെ ബെഞ്ചിന് മുന്നിലാണ് ഹർജി. 2019 ൽ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം കോലാറിൽ പ്രസംഗിക്കുന്നതിനിടെ മോദി സമുദായത്തെ അപകീർത്തിപ്പെടുത്തുന്ന പരാമർശം നടത്തിയെന്നാണ് കേസ്. ജസ്റ്റിസ് ഗീതാ ഗോപിനാഥായിരുന്നു കേസ് പരിഗണിക്കേണ്ടിയിരുന്നത്. കേസ് പരിഗണിക്കാൻ കഴിയില്ലെന്ന് രജിസ്ട്രാൻ വഴി ചീഫ് ജസ്റ്റിസിനെ അറിയിച്ച് ജസ്റ്റിസ് പിന്മാറുകയായിരുന്നു.
സൂറത്ത് കോടതിയുടെ ശിക്ഷാവിധി താൽക്കാലികമായി നിർത്തിവയ്ക്കണമെന്ന തന്റെ ആവശ്യം നിരസിച്ചതിനെ തുടർന്നാണ് രാഹുൽ ഗാന്ധി ഗുജറാത്ത് ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്. മോഡി സമുദായത്തെ അപകീർത്തിപ്പെടുത്തി എന്ന് ആരോപിച്ച് സൂറത്ത് കോടതിയിൽ സമർപ്പിച്ച ഹർജിയെ തുടർന്ന് രാഹുൽ ഗാന്ധിയെ രണ്ട് വർഷം തടവിന് ശിക്ഷിച്ചിരുന്നു. തടവ് ശിക്ഷയ്ക്ക് ശേഷം കഴിഞ്ഞ മാസം അദ്ദേഹത്തെ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കുകയും ചെയ്തു.
ശിക്ഷാവിധി സസ്‌പെൻഡ് ചെയ്താൽ മാത്രമേ ഒരാൾക്ക് എംപിയായി തുടരാനാകൂ എന്നതാണ് നിയമം. മോഡി സമുദായത്തെ അപകീർത്തിപ്പെടുത്തി എന്ന ബിജെപി എംഎൽഎ പൂർണേഷ് മോഡിയുടെ പരാതിയിലായിരുന്നു നടപടി. ശിക്ഷ വിധിച്ചതിന് പിന്നാലെ രാഹുൽ ഗാന്ധിക്ക് തന്റെ ഔദ്യോഗിക വസതി ഒഴിയേണ്ടിയും വന്നിരുന്നു.