ഇടുക്കി: ജനവാസ മേഖലയില്‍ നാശം വിതച്ചു കൊണ്ടിരിക്കുന്ന അരിക്കൊമ്പനെ പിടികൂടുന്നതിനുളള വനംവകുപ്പിന്റെ ദൗത്യം ഇന്നത്തേയ്ക്ക് നിര്‍ത്തിവെച്ചു. നാളെ വീണ്ടും ദൗത്യം തുടരും. ഇന്ന് പുലര്‍ച്ചെ നാലിന് തുടങ്ങിയ ദൗത്യമാണ് നിര്‍ത്തിവെച്ചത്. ജിപിഎസ് കോളര്‍ ബേസ് ക്യാംപില്‍ തിരിച്ചെത്തിച്ചു.
പുലര്‍ച്ചെ ആരംഭിച്ച ദൗത്യം മണിക്കൂറുകളോളം തിരച്ചില്‍ നടത്തിയിട്ടും അരിക്കൊമ്പനെ കണ്ടെത്താനായില്ല. ചിന്നക്കനാലിലെ സിമന്റ് പാലത്തിന് സമീപം കാട്ടാനക്കൂട്ടത്തെ കണ്ടിരുന്നെങ്കിലും അക്കൂട്ടത്തില്‍ അരിക്കൊമ്പനില്ല എന്ന് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ദൗത്യം നിര്‍ത്തിവെച്ചത്.
അരിക്കൊമ്പനെ പിടികൂടാനായി ഓരു നാട് മുഴുവന്‍ ഉറക്കമില്ലാതെ കാത്തിരിക്കുമ്പോള്‍ ആന കാട്ടില്‍ ഉറങ്ങുന്നതായാണ് സൂചന. അരിക്കൊമ്പന്റെ നീക്കങ്ങള്‍ പതിവായി നിരീക്ഷിക്കുന്ന സംഘമാണ് ഈ സൂചന നല്‍കിയത്.
അതേസമയം മുളന്തണ്ടില്‍ ഒരു വീട് ആന ആക്രമിച്ചു എന്ന വിവരത്തെ തുടര്‍ന്ന് അത് അരിക്കൊമ്പനാണോ എന്ന സംശയം ബലപ്പെട്ടിട്ടുണ്ട്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ മുളംതണ്ടിലേയ്ക്ക് പുറപ്പെട്ടിട്ടുണ്ട്.
അരിക്കൊമ്പന്റെ നീക്കങ്ങള്‍ അറിയുന്നതിനായി ഒരുക്കിയിരുന്ന സംവിധാനമാണ് റേഡിയോ കോളര്‍. അരിക്കൊമ്പന്‍ പിടിയിലാവുന്നതിന് പിന്നാലെ കഴുത്തില്‍ സാറ്റലൈറ്റ് റേഡിയോ കോളര്‍ ധരിപ്പിക്കാനാണ് പദ്ധതിയിട്ടിരുന്നത്. രാജ്യാന്തര സംഘടനയായ വേള്‍ഡ് വൈല്‍ഡ് ലൈഫ് ഫണ്ടിന്റെ ഉടമസ്ഥതിയിലുള്ള ഈ റേഡിയോ കോളര്‍ അസമിലെ വനം വകുപ്പില്‍ നിന്നാണ് കേരളത്തിലെ വനം വകുപ്പ് വാങ്ങിയത്.
നീളമുള്ള ബെല്‍റ്റ് പോലെയുള്ള റേഡിയോ കോളറിന് അഞ്ച് ലക്ഷം രൂപയാണ് വില. പത്ത് വര്‍ഷത്തോളം ചാര്‍ജ് നില്‍ക്കുന്ന ബാറ്ററിയാണ് ഇതില്‍ ഉപയോഗിക്കുന്നത്.
വനം വകുപ്പിന്റെ പക്കലുള്ള ജിഎസ്എം റേഡിയോ കോളര്‍ മൊബൈല്‍ നെറ്റ്‌വര്‍ക്ക് ഇല്ലാത്ത പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കില്ല. അതുകൊണ്ടാണ് സാറ്റലൈറ്റ് റേഡിയോ കോളര്‍ എത്തിച്ചത്. സാറ്റലൈറ്റ് ഫോണിന് സമാനമായി പ്രവര്‍ത്തിക്കുന്ന കോളറാണിത്. മൊബൈല്‍ ടവറിന്റെ സഹായമില്ലാതെ ഇതിലൂടെ വിവരങ്ങള്‍ കൈമാറാന്‍ സാധിക്കും. ആന സാറ്റലൈറ്റ് പരിധിയില്‍ എവിടെയാണെങ്കിലും വിവിരങ്ങള്‍ കൈമാറാന്‍ സാധിക്കും.
വനം വകുപ്പിന്റെ ഓഫീസില്‍ പ്രത്യേകം തയാറാക്കിയ യൂണിറ്റിലാണ് ആന എവിടെയാണെന്ന സൂചന ലഭിക്കുക. ഇതിലൂടെ ആനയുടെ നീക്കങ്ങള്‍ മനസിലാക്കാനും പ്രദേശവാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കാനും സാധിക്കും. റേഡിയോ കോളറില്‍ പ്രധാനമായും രണ്ട് യൂണിറ്റുകളാണ് ഉള്ളത്. ജിപിഎസും ജിഎസ്എമ്മും. കോളര്‍ ധരിച്ചിരിക്കുന്ന മൃഗത്തിന്റെ ലൊക്കേഷന്‍ മനസിലാക്കാന്‍ ജിപിഎസിന് സാധിക്കും.