ന്യൂഡല്‍ഹി: വിദ്വേഷ പ്രസംഗം നടത്തുന്നവര്‍ക്കെതിരെ സ്വമേധയാ കേസെടുക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് സുപ്രീം കോടതി നിര്‍ദേശം. വിദ്വേഷ പ്രസംഗം നടത്തുന്നവരുടെ മതം നോക്കാതെ നടപടി എടുക്കണമെന്നും പരാതി ലഭിച്ചില്ലെങ്കിലും കേസെടുക്കണമെന്നാണ് നിര്‍ദേശം. വിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട കേസുകള്‍ പരിഗണിക്കുമ്പോഴാണ് കോടതിയുടെ പരാമര്‍ശം.
ജസ്റ്റിസ് കെ.എം ജോസഫ്, ബി.വി നാഗരത്‌ന എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിച്ചത്. കേസ് മെയ് 12 ന് വീണ്ടും പരിഗണിക്കും.
കേസ് റജിസ്റ്റര്‍ ചെയ്യാന്‍ വൈകിയാല്‍ കോടതിയലക്ഷ്യമായി പരിഗണിക്കുമെന്നും മുന്നറിയിപ്പ് നല്‍കി. വിദ്വേഷ പ്രസംഗം രാജ്യത്തിന്റെ മതനിരപേക്ഷതയ്ക്ക് കോട്ടം വരുത്തുമെന്നു കോടതി പറഞ്ഞു. ജഡ്ജിമാര്‍ക്ക് രാഷ്ട്രീയമില്ല. ഇന്ത്യന്‍ ഭരണഘടനയാണ് ജഡ്ജിമാരുടെ ചിന്തയില്‍ ഉള്ളത്. അതുകൊണ്ടു തന്നെ വിദ്വേഷ പ്രസംഗം നടത്തുന്നത് ഏത് പാര്‍ട്ടിക്കാരനായാലും നടപടി എടുക്കുന്നതില്‍ പ്രശ്‌നമില്ലെന്നും കോടതി പറഞ്ഞു.
2022 ലാണ് വിദ്വേഷ പ്രസംഗത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഡല്‍ഹി, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് പൊലീസിന് സുപ്രീം കോടതി ഉത്തരവ് നല്‍കിയത്. ഈ ഉത്തരവാണ് മറ്റ് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും ബാധകമാക്കിയത്.
എല്ലാ സംസ്ഥാനങ്ങളിലും വിദ്വേഷ പ്രസംഗം നിരീക്ഷിക്കാന്‍ നോഡല്‍ ഓഫിസറെ നിയമിക്കണമെന്ന് ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടു. സമൂഹമാധ്യങ്ങളില്‍ നിന്ന് ഇത്തരം പ്രസംഗങ്ങള്‍ നീക്കം ചെയ്യുന്നതിനും നടപടി വേണമെന്നും ആവശ്യപ്പെട്ടു. ജില്ലാ തലത്തില്‍ നോഡല്‍ ഓഫിസറെ നിയമിക്കുന്നതിനുള്ള സാധ്യത കോടതി ആരാഞ്ഞു. കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ വിദ്വേഷ പ്രസംഗത്തിന് കേസ് എടുക്കണമെന്നും പരാതിക്കാരന്‍ ആവശ്യപ്പെട്ടു.