തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ യുഎഇ സന്ദര്‍ശനം റദ്ദാക്കി. മെയ് ഏഴ് മുതല്‍ 11 വരെയാണ് സന്ദര്‍ശനം നിശ്ചയിച്ചിരുന്നത്. സന്ദര്‍ശനത്തിന്റെ ഭാഗമായി മെയ് 10 ന് ദുബായിലെ അല്‍ നാസര്‍ ലെഷര്‍ലാന്റില്‍ നിശ്ചയിച്ച പൗരസ്വീകരണം മാറ്റിവച്ചു. ഇത് മറ്റൊരു തീയതിയില്‍ നടത്തുമെന്ന് സംഘാടകര്‍ അറിയിച്ചു.
യുഎഇ സര്‍ക്കാരിന്റെ പ്രത്യേക ക്ഷണപ്രകാരം യുഎഇ സാമ്പത്തിക വികസന വകുപ്പിന്റെ വാര്‍ഷിക നിക്ഷേപ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ മെയ് ഏഴിനാണ് മുഖ്യമന്ത്രി എത്തേണ്ടിയിരുന്നത്. സംഗമത്തില്‍ ക്ഷണിതാവായിരുന്നു മുഖ്യമന്ത്രി.
കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിക്കാത്തതിനാലാണ് സന്ദര്‍ശനം മാറ്റിയതെന്നാണ് സൂചന. മന്ത്രിമാരായ പി.രാജീവും പി.എ. മുഹമ്മദ് റിയാസും മുഖ്യമന്ത്രിയോടൊപ്പം വിവിധ ചടങ്ങുകളില്‍ പങ്കെടുക്കേണ്ടതായിരുന്നു.