ഇ-പോസ് മുഖേനയുള്ള റേഷന്‍ വിതരണം ആരംഭിച്ചു; മെയ് മൂന്നുവരെ നിര്‍ദിഷ്ട സമയ ക്രമം തുടരും

ഇ-പോസ് മുഖേനയുള്ള റേഷന്‍ വിതരണം ആരംഭിച്ചു; മെയ് മൂന്നുവരെ നിര്‍ദിഷ്ട സമയ ക്രമം തുടരും

തിരുവനന്തപുരം: ഇ-പോസ് മുഖേന ഇന്ന് മുതല്‍ റേഷന്‍ വിതരണം നടക്കുമെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍ അനില്‍. സെര്‍വര്‍ തകരാര്‍ കാരണം ഇ-പോസ് മെഷീന്‍ മുഖേനയുള്ള റേഷന്‍ വിതരണം തടസപ്പെട്ട സാഹചര്യത്തില്‍ നിലവിലെ സെര്‍വറുകളില്‍ സൂക്ഷിച്ചിരിക്കുന്ന ഡാറ്റ, ക്ലൗഡ് സ്റ്റോറേജിലേക്ക് മാറ്റുന്ന പ്രക്രിയ എന്‍ഐസി പൂര്‍ത്തിയാക്കി.

എന്‍.ഐ.സി ഹൈദരാബാദിന്റെ നിര്‍ദേശപ്രകാരമാണ് ഡാറ്റാ മാറ്റിയത്. ഇതിനു ശേഷം സ്റ്റേറ്റ് ഐടി മിഷന്റെ സഹായത്തോടെ ലോഡ് ടെസ്റ്റിങ്ങും നടത്തി.
ഇന്ന് രാവിലെ മുതല്‍ എട്ട് മുതല്‍ മലപ്പുറം, തൃശ്ശൂര്‍, പാലക്കാട്, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, വയനാട് ജില്ലകളില്‍ ആരംഭിച്ച വിതരണം ഉച്ചയ്ക്ക് ഒന്നിന് അവസാനിക്കും. ഉച്ചയ്ക്ക് രണ്ട് മുതല്‍ ഏഴ് വരെ എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂര്‍, കോട്ടയം, കാസര്‍ഗോഡ്, ഇടുക്കി ജില്ലകളിലും റേഷന്‍ വിതരണം നടക്കും. മെയ് മൂന്ന് വരെ ഈ സമയ ക്രമം തുടരും. മെയ് അഞ്ച് വരെ ഏപ്രിലിലെ റേഷന്‍ വിതരണം ഉണ്ടായിരിക്കും. ആറിന് മെയ് മാസത്തെ റേഷന്‍ വിതരണം ആരംഭിക്കും.

ഇ-പോസ് മുഖേനയുള്ള റേഷന്‍ വിതരണം സൂക്ഷ്മമായി നിരീക്ഷിക്കുന്നതിനും പ്രശ്നങ്ങള്‍ ഉണ്ടായാല്‍ അടിയന്തര ഇടപെടല്‍ നടത്തുന്നതിനും ജില്ലാ സപ്ലൈ ഓഫീസര്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ ഉദ്യോഗസ്ഥരും ഫീല്‍ഡില്‍ ഉണ്ടാകുമെന്ന് മന്ത്രി അറിയിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.