ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ വിമര്‍ശിച്ച് ലേഖനം എഴുതിയതിന് രാജ്യസഭാ അംഗം ജോണ്‍ ബ്രിട്ടാസിന് രാജ്യസഭാ അധ്യക്ഷന്‍ കൂടിയായ ഉപരാഷ്ട്രപതി ജഗദീപ് ധന്‍കര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. ലേഖനത്തിലെ പരാമര്‍ശം രാജ്യദ്രോഹപരമാണെന്ന പരാതിയിലാണ് നോട്ടീസ്.
ബ്രിട്ടാസിനെ വിളിച്ച് വരുത്തിയാണ് നോട്ടീസ് നല്‍കിയത്. രേഖാമൂലം വിശദീകരണം നല്‍കണമെന്നാണ് നോട്ടീസിലുള്ളത്. നോട്ടീസ് നല്‍കുന്നതിന് മുമ്പ് ലേഖനത്തെ സംബന്ധിച്ച് ബ്രിട്ടാസിന്റെ വിശദീകരണം ഉപരാഷ്ട്രപതി കേട്ടിരുന്നു.
ഫെബ്രുവരി 20 ന് ഇന്ത്യന്‍ എക്സ്പ്രസ് ദിനപത്രത്തില്‍ എഴുതിയ ലേഖനത്തിനാണ് കാരണം കാണിക്കല്‍ നോട്ടീസ്. ലേഖനം വലിയ തോതില്‍ ധ്രുവീകരണം സൃഷ്ടിക്കുന്നതാണെന്നും രാജ്യദ്രോഹപരമായ പ്രവര്‍ത്തനത്തിന് നടപടി വേണമെന്നും ആവശ്യപ്പെട്ടായിരുന്നു രാജ്യസഭാ ചെയര്‍മാന് പരാതി ലഭിച്ചത്.
ലേഖനത്തിന്റെ പേരില്‍ തനിക്ക് എതിരെ പരാതി നല്‍കിയത് വിചത്രമായ സംഭവമാണെന് ജോണ്‍ ബ്രിട്ടാസ് പറഞ്ഞു. കേരളത്തിനെതിരായ കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ ആരോപണത്തിന് എതിരായാണ് താന്‍ ലേഖനം എഴുതിയത്. അത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ ഭാഗമാണ്. അതിന്റെ പേരിലുള്ള നടപടി അദ്ഭുതപ്പെടുത്തുന്നത് ആണെന്നും ബ്രിട്ടാസ് പറഞ്ഞു.