ഇറാന്‍ പിടിച്ചെടുത്ത എണ്ണക്കപ്പലിലെ മലയാളികളുടെ മോചനത്തിനായി സംസ്ഥാന സര്‍ക്കാര്‍; ഇന്ത്യന്‍ എംബസിക്ക് കത്തയച്ചു

ഇറാന്‍ പിടിച്ചെടുത്ത എണ്ണക്കപ്പലിലെ മലയാളികളുടെ മോചനത്തിനായി സംസ്ഥാന സര്‍ക്കാര്‍;  ഇന്ത്യന്‍ എംബസിക്ക് കത്തയച്ചു

തിരുവനന്തപുരം: ഇറാന്‍ നാവിക സേന പിടിച്ചെടുത്ത എണ്ണക്കപ്പലിലെ മലയാളികളുടെ മോചനത്തിനായി സംസ്ഥാന സര്‍ക്കാറിന്റെ ഇടപെടല്‍. മോചനത്തിനായി ഇടപെടണമെന്നഭ്യര്‍ത്ഥിച്ച് സര്‍ക്കാര്‍ ഇറാനിലെ ഇന്ത്യന്‍ എംബസിക്ക് കത്തയച്ചു.

കപ്പലിലെ ജീവനക്കാരനായ കൊച്ചി കൂനമ്മാവ് സ്വദേശി എഡ്വിന്‍ ജോണ്‍സന്റെ പിതാവ് നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. എഡ്വിനെ കൂടാതെ മലപ്പുറം നിലമ്പൂര്‍ ചുങ്കത്തറ സ്വദേശി സാം സോമന്‍, കടവന്ത്ര സ്വദേശികളായ ജിസ്മോന്‍, ജിബിന്‍ ജോസഫ് എന്നിവരും കപ്പലിലുണ്ട്.

കുവൈത്തില്‍ നിന്ന് അമേരിക്കയിലെ ഹൂസ്റ്റണിലേക്ക് പോവുകയായിരുന്ന അഡ്വാന്റേജ് സ്വീറ്റ് എന്ന കപ്പലാണ് ഒമാന്‍- ഇറാന്‍ സമുദ്രാതിര്‍ത്തിയില്‍ വച്ച് ഇറാന്‍ നാവിക സേന പിടിച്ചെടുത്തത്. ഒമാന്‍ തീരത്ത് തങ്ങളുടെ കപ്പലുകളിലൊന്നുമായി കൂട്ടിയിടിച്ചെന്ന് ആരോപിച്ചായിരുന്നു ഇറാന്റെ നടപടി.

ഉപഗ്രഹ വിവരങ്ങള്‍ പ്രകാരം വ്യാഴാഴ്ച ഉച്ചയ്ക്ക് ഒമാന്‍ തലസ്ഥാന നഗരത്തിന് വടക്കുള്ള ഉള്‍ക്കടലിലിലൂടെയാണ് കപ്പല്‍ നീങ്ങിയിരുന്നത്. കപ്പല്‍ അന്താരാഷ്ട്ര അതിര്‍ത്തി പിന്നിടവേ ഇറാന്‍ നാവികസേന പിടിച്ചെടുക്കുകയായിരുന്നു.

നാല് മലയാളികളടക്കം 24 ഇന്ത്യന്‍ ക്രൂ അംഗങ്ങളും ഒരു റഷ്യന്‍ പൗരനുമാണ് കപ്പലിലുള്ളത്. അമേരിക്കന്‍ നാവിക സേനയുടെ മിഡില്‍ ഈസ്റ്റ് ആസ്ഥാനമായുള്ള ഫിഫ്ത് ഫ്‌ളീറ്റാണ് ഇറാന്‍ പിടിച്ചെടുത്ത കപ്പല്‍ തിരിച്ചറിഞ്ഞത്. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനിയുടെ കപ്പലാണ് അഡ്വാന്റേജ് സ്വീറ്റ്.

കപ്പലിലെ സാറ്റലൈറ്റ് ഫോണ്‍ അടക്കമുള്ള ആശയ വിനിമയ ഉപകരണങ്ങള്‍ ജീവനക്കാരില്‍ നിന്നും ഇറാന്‍ നാവികര്‍ പിടിച്ചെടുത്തു. കപ്പലിന്റെ ഉടമകളായ കമ്പനിക്കും ജീവനക്കാരുമായി ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ല.

എഡ്വിന്‍ അവസാനമായി ബുധനാഴ്ചയാണ് കുടുംബവുമായി സംസാരിച്ചത്. ഈ മാസം 15 ന് യാത്ര പൂര്‍ത്തിയാക്കി നാട്ടിലെത്താനിരിക്കെയാണ് അപ്രതീക്ഷിതമായ സംഭവം. ഇറാന്റെ നടപടിയെ വിമര്‍ശിച്ച അമേരിക്ക, കപ്പല്‍ ഉടന്‍ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.