ന്യൂഡല്‍ഹി: ജന്തര്‍മന്തറില്‍ ഇരുന്നാല്‍ നീതി കിട്ടില്ലെന്നും പകരം പൊലീസിനെയും കോടതിയെയും സമീപിക്കണമെന്ന് ബ്രിജ് ഭൂഷണ്‍. 90ശതമാനം കായികതാരങ്ങളും തനിക്കൊപ്പമാണ്. ആരോപണമുയര്‍ന്നത് ദീപേന്ദ്ര ഹൂഡ രക്ഷാധികാരി ആയ ഗുസ്തി പരിശീലന കളരികള്‍ക്കെതിരെയെന്നും ബ്രിജ് ഭൂഷണ്‍ പറഞ്ഞു. എന്നാല്‍, ജന്തര്‍മന്തറില്‍ ഗുസ്തി താരങ്ങള്‍ നടത്തുന്ന സമരം എട്ടാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ബ്രിജ് ഭൂഷണ്‍ രാജി വെക്കണമെന്ന് ആവശ്യപ്പെട്ടാണ് ഗുസ്തി താരങ്ങളുടെ സമരം.
സുപ്രീംകോടതി രാജ്യത്തെ ഏറ്റവും വലിയ സ്ഥാപനമാണ്. സുപ്രീംകോടതിയെ ചോദ്യം ചെയ്യാന്‍ തയ്യാറല്ലെന്നും ബ്രിജ് ഭൂഷണ്‍ പറഞ്ഞു. ഗുസ്തി താരങ്ങളുടെ ആവശ്യം ദിനംപ്രതി കൂടിക്കൂടി വരുന്നു. ആദ്യം ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷ സ്ഥാനത്ത് നിന്നും രാജി ആവശ്യപ്പെട്ടു. പിന്നീട് ലൈംഗികാരോപണം ഉയര്‍ത്തി. സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കും മുമ്പ് അടുത്ത പ്രതിഷേധം തുടങ്ങിയെന്നും ബ്രിജ് ഭൂഷണ്‍ പറഞ്ഞു. രാജിവെക്കാന്‍ തയ്യാറാകുന്നത് കുറ്റം സമ്മതിച്ചിട്ടല്ല എന്നും ഗുസ്തി താരങ്ങള്‍ക്ക് അതാണ് വേണ്ടതെങ്കില്‍ രാജിക്ക് തയ്യാറെന്നും ബ്രിജ് ഭൂഷണ്‍ പറഞ്ഞിരുന്നു.
അതേസമയം, പൊലീസിനെതിരെ വിമര്‍ശനവുമായി ഡല്‍ഹിയില്‍ സമരം ചെയ്യുന്ന ഗുസ്തി താരങ്ങള്‍ രംഗത്തെത്തിയിരുന്നു. സമരവേദിയില്‍ രാത്രി വൈദ്യുതി വിച്ഛേദിപ്പിച്ചത് സമരം അവസാനിപ്പിക്കാനുള്ള സമ്മര്‍ദ്ദ തന്ത്രമാണെന്നും വിമര്‍ശനമുയര്‍ന്നു.