കേരളത്തിൽ ശക്തമായ മഴക്ക് സാധ്യത; ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്

കേരളത്തിൽ ശക്തമായ മഴക്ക് സാധ്യത; ഏഴ്  ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം: കേരളത്തിൽ ശക്തമായ മഴക്കുള്ള സാധ്യത. തമിഴ്നാട് തീരം മുതൽ വിദർഭ തീരം വരെയായി നിലനിൽക്കുന്ന ന്യൂനമർദ്ദപാത്തിയുടെ സ്വാധീനഫലമായാണ് മഴ ശക്തമാകുന്നത്. ഇതിൻറെ അടിസ്ഥാനത്തിൽ ഇന്ന് കൂടുതൽ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

നേരത്തെ അഞ്ച് ജില്ലകളിൽ പ്രഖ്യാപിച്ചിരുന്ന യെല്ലോ അലർട്ട് ഉച്ചയോടെ 7 ജില്ലകളിലേക്ക് നീട്ടുകയായിരുന്നു. പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശ്ശൂർ ജില്ലകൾക്ക് പുറമെ പാലക്കാട്, മലപ്പുറം ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കടൽ പ്രക്ഷുബ്ദമാവാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൻറെ മുന്നറിയിപ്പുണ്ട്.

അതേസമയം അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ ഒമ്പത് ജില്ലകളിൽ മഴ സാധ്യത ശക്തമാണെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്.

ഇന്ന് രാത്രി 08.30 വരെ 0.5 മുതൽ 1.1 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതായി ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഈ സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാ നിർദേശം നൽകി. മത്സ്യബന്ധന യാനങ്ങളുടെയും ഉപകരണങ്ങളുടെയും സുരക്ഷ ഉറപ്പാക്കണമെന്നും ബീച്ചിലേയ്ക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.