ന്യൂഡല്‍ഹി: വിവാദ ചലച്ചിത്രം 'ദ കേരള സ്റ്റോറി'ക്ക് എ സര്‍ട്ടിഫിക്കറ്റോടെ പ്രദര്‍ശാനുമതി. പത്ത് രംഗങ്ങള്‍ ഒഴിവാക്കണമെന്ന നിര്‍ദേശത്തോടെയാണ് പ്രദര്‍ശനാനുമതി ലഭിച്ചതെന്ന് നിര്‍മാതാവ് വിപുല്‍ അമൃത്ലാല്‍ ഷാ പറഞ്ഞു.
തീവ്രവാദത്തെ പരാമര്‍ശിക്കുന്ന മുന്‍ മുഖ്യമന്ത്രിയുടെ അഭിമുഖം ഒഴിവാക്കണമെന്നാണ് സെന്‍സര്‍ ബോര്‍ഡ് മുന്നോട്ടു വച്ച പ്രധാന നിര്‍ദേശം. തീവ്രവാദികള്‍ക്കുള്ള ധനസഹായം പാകിസ്ഥാന്‍ വഴി അമേരിക്കയും നല്‍കുന്നു, ഹിന്ദുക്കളെ അവരുടെ ആചാരങ്ങള്‍ ചെയ്യാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സമ്മതിക്കുന്നില്ല തുടങ്ങിയ സംഭാഷണങ്ങളും നീക്കം ചെയ്യണം. ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്ന് ഇന്ത്യന്‍ നീക്കം ചെയ്യണമെന്നും നിര്‍ദ്ദേശിക്കുന്നു.
കേരളത്തില്‍ നിന്ന് കാണാതായ സ്ത്രീകളെ മതപരിവര്‍ത്തനം നടത്തി രാജ്യത്തിനകത്തും പുറത്തും ഭീകര പ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. ചിത്രത്തിന്റെ പ്രദര്‍ശനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കന്‍മാരും സാംസ്‌കാരിക പ്രവര്‍ത്തകരും രംഗത്തെത്തിയിരുന്നു.
എന്നാല്‍, കാര്യങ്ങള്‍ വ്യക്തമായി പഠിച്ച ശേഷമാണ് സിനിമ ചെയ്തതെന്നും തെളിവില്ലാതെ ഒന്നും പറയാറില്ലെന്നായിരുന്നു ചിത്രത്തിന്റെ നിര്‍മാതാവ് വിപുല്‍ അമൃത്ലാല്‍ ഷായുടെ പ്രതികരണം.