ഇടുക്കി: കാടിറങ്ങി മലയോര ജനവാസമേഖലയെ ഭീതിയിലാക്കിയ അരിക്കൊമ്പന്‍ ഇപ്പോള്‍ തമിഴ്‌നാട് വനാതിര്‍ത്തി ലക്ഷ്യമാക്കി നീങ്ങുന്നതായി സൂചന. കൊമ്പന്റെ ശരീരത്തില്‍ ഘടിപ്പിച്ചിട്ടുള്ള റേഡിയോ കോളറില്‍ നിന്ന് ലഭിച്ച സിഗ്നലുകളില്‍ അരിക്കൊമ്പന്‍ ഇപ്പോള്‍ തമിഴ്‌നാട് വനാതിര്‍ത്തിക്കരികിലെത്തിയതായാണ് ലഭിക്കുന്ന വിവരം.
പെരിയാര്‍ കടുവാ സങ്കേതത്തില്‍ തുറന്ന്‌വിട്ട പ്രദേശത്ത് നിന്ന് അരിക്കൊമ്പന്‍ നിലവില്‍ ഏഴ് കിലോ മീറ്റര്‍ അകലെയാണ്. മയക്കത്തില്‍ നിന്ന് വിട്ടുവന്ന അരിക്കൊമ്പന്റെ ആരോഗ്യനില പൂര്‍ണ തൃപ്തികരമാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
റേഡിയോ കോളറിലെ സിഗ്നല്‍ വഴി കൊമ്പന്റെ നീക്കത്തെ വനംവകുപ്പ് സൂക്ഷമമായി നിരീക്ഷിച്ച് വരികെയാണ്. ഞായറാഴ്ച്ച പെരിയാര്‍ വനാതിര്‍ത്തിയില്‍ തുറന്ന് വിട്ട ശേഷം ലഭിച്ച ആദ്യ സിഗ്നലില്‍ ഇറക്കി വിട്ട സ്ഥലത്ത് നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെയായിരുന്നു കൊമ്പന്‍ ഉണ്ടായിരുന്നത്. ഒരു ദിവസത്തിന് ശേഷം സ്ഥാനം ഏഴ് കിലോമീറ്ററായി.
ആദ്യ ദിവസത്തേക്കാള്‍ ഇരട്ടിയോളം ദൂരം സഞ്ചരിച്ചതായി കണ്ടെത്തിയതോടെയാണ് മയക്കുവെടിയുടെ ആലസ്യത്തില്‍ നിന്ന് കൊമ്പന്‍ പരിപൂര്‍ണ മുക്തിനേടിയെന്ന നിഗമനത്തില്‍ വനം വകുപ്പെത്തിയത്.
ഞായറാഴ്ച്ച പുലര്‍ച്ചെ അഞ്ചരയോടെയാണ് പെരിയാര്‍ വനമേഖലയില്‍ അരക്കൊമ്പനെ ഇറക്കി വിട്ടത്. ശനിയാഴ്ച്ച രാവിലെ മയക്കുവെടി വച്ച് പതിമൂന്ന് മണിക്കൂര്‍ നീണ്ട ശ്രമകരമായ ദൗത്യത്തിനൊടുവിലായിരുന്നു അരിക്കൊമ്പനെ സുരക്ഷിത കേന്ദ്രത്തിലെത്തിക്കാനായത്.