അപകീര്‍ത്തി പരാമര്‍ശം; സ്വപ്ന സുരേഷിനെതിരെ എം.വി. ഗോവിന്ദന്‍ ഇന്ന് മാനനഷ്ടക്കേസ് ഫയല്‍ ചെയ്യും; ആവശ്യപ്പെടുന്നത് 10 കോടി

അപകീര്‍ത്തി പരാമര്‍ശം; സ്വപ്ന സുരേഷിനെതിരെ എം.വി. ഗോവിന്ദന്‍ ഇന്ന് മാനനഷ്ടക്കേസ് ഫയല്‍ ചെയ്യും; ആവശ്യപ്പെടുന്നത് 10 കോടി

കണ്ണൂര്‍: അപകീര്‍ത്തികരമായ പരാമര്‍ശനത്തില്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ ഇന്ന് മാനനഷ്ടക്കേസ് ഫയല്‍ ചെയ്യും. തളിപ്പറമ്പ് കോടതിയില്‍ നേരിട്ട് ഹാജരായാണ് ഹര്‍ജി നല്‍കുക.

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരായ പരാതി പിന്‍വലിക്കാന്‍ വിജേഷ് പിള്ള വഴി എം.വി. ഗോവിന്ദന്‍ 30 കോടി വാഗ്ദാനം ചെയ്‌തെന്നായിരുന്നു സ്വപ്ന പറഞ്ഞത്.

ആരോപണത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ആരോപണം തന്റെ വ്യക്തി ജീവിതത്തെ കരിനിഴലില്‍ ആക്കിയെന്നും 10 കോടി രൂപ നഷ്ടപരിഹാരം വേണമെന്നുമാണ് ഗോവിന്ദന്റെ ആവശ്യം.

സമാന സംഭവത്തില്‍ സിപിഎം ഏരിയാ സെക്രട്ടറി നല്‍കിയ പരാതിയില്‍ പൊലീസ് സ്വപ്ന സുരേഷിനെതിരെ കേസ് എടുത്തെങ്കിലും ഹൈകോടതി അന്വേഷണം തടഞ്ഞിരിക്കുകയാണ്.

മാര്‍ച്ച് ഒമ്പതിന് ഫേസ്ബുക്ക് ലൈവിലൂടെയാണ് സ്വപ്ന സുരേഷ് എം.വി. ഗോവിന്ദനെതിരെ ആരോപണം ഉന്നയിച്ചത്. മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായ മുഴുവന്‍ ആരോപണവും പിന്‍വലിക്കാന്‍ 30 കോടി രൂപ വാഗ്ദാനം ചെയ്ത് എം.വി. ഗോവിന്ദന് വേണ്ടി വിജയ്പിളളയെന്നാള്‍ സമീപിച്ചെന്നായിരുന്നു ആരോപണം.

വ്യക്തിപരമായി അധിക്ഷേപിക്കുകയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്യുക എന്ന ഉദ്ദേശത്തോടെയാണ് ആരോപണം ഉന്നയിച്ചതെന്ന് കാട്ടി അടുത്ത ദിവസം തന്നെ എം.വി. ഗോവിന്ദന്‍ സ്വപ്‌നയ്ക്ക് വക്കീല്‍ നോട്ടീസ് അയച്ചു. ആരോപണം പിന്‍വലിച്ച് മാപ്പ് പറഞ്ഞില്ലെങ്കില്‍ ഒരു കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടായിരുന്നു നോട്ടീസ് അയച്ചത്. എന്നാല്‍ മാപ്പ് പറയാന്‍ താന്‍ വീണ്ടും ജനിക്കണമെന്നായിരുന്നു സ്വപ്‌നയുടെ പ്രതികരണം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.