കാസര്‍കോട്: എഐ ക്യാമറ ഇടപാടില്‍ 132 കോടി രൂപയുടെ അഴിമതി നടന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയും സംസ്ഥാന സര്‍ക്കാരും ഒളിച്ചുകളിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
നൂറ് കോടി വേണ്ടിവരുമായിരുന്ന എഐ ക്യാമറ പദ്ധതി 232 കോടി രൂപയ്ക്കാണ് ടെന്‍ഡര്‍ ചെയ്തത്. 132 കോടി രൂപയുടെ അഴിമതിയാണ് നടന്നത്. എഐ ക്യാമറയുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ തള്ളിക്കളയാന്‍ മുഖ്യമന്ത്രിക്ക് കഴിഞ്ഞിട്ടുമില്ല. സംസ്ഥാന സര്‍ക്കാര്‍ ഇപ്പോഴും മൗനം തുടരുകയാണ്. മുഖ്യമന്ത്രി അഴിമതിക്കാരെ സംരക്ഷിക്കുകയാണ്. പ്രതിപക്ഷം പുകമറയുണ്ടാക്കുന്നുവെന്ന് പറഞ്ഞ് സര്‍ക്കാരിന് രക്ഷപ്പെടാനാകില്ലെന്നും ചെന്നിത്തല പറഞ്ഞു.
കെല്‍ട്രോണ്‍ പുറത്തുവിട്ട രേഖകള്‍ ക്രമക്കേട് തെളിയിക്കുന്നതാണ്. പ്രവൃത്തി പരിചയമില്ലാത്ത കമ്പനികള്‍ക്ക് കരാര്‍ നല്‍കിയാണ് ഇടപാട് നടത്തിയത്. കെല്‍ട്രോണ്‍ പല രേഖകളും മറച്ചുവയ്ക്കുന്നു. സര്‍ക്കാര്‍ ഒളിപ്പിച്ചുവച്ച രേഖകള്‍ ഞങ്ങള്‍ പുറത്തുവിടുന്നു. രണ്ട് ദിവസം മുമ്പാണ് രേഖകള്‍ പലതും വെബ്സൈറ്റില്‍ പ്രത്യക്ഷപ്പെട്ടത്. ടെന്‍ഡറില്‍ പങ്കെടുത്ത അക്ഷര എക്‌സ്പ്രസ് എന്ന കമ്പനിക്ക് പ്രവൃത്തി പരിചയമില്ലാത്തതാണ്. ഈ കമ്പനിയെ എങ്ങനെ
ടെന്‍ഡര്‍ നടപടികളില്‍ ഉള്‍പ്പെടുത്തി. അതുകൊണ്ട് തന്നെ പദ്ധതിയുമായി ബന്ധപ്പെട്ട് ഗുരുതര ക്രമക്കേടാണ് നടന്നതെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
ഇപ്പോഴും പല രേഖകളും കെല്‍ട്രോണ്‍ മറച്ചുവയ്ക്കുന്നു. ടെക്‌നിക്കല്‍ ഇവാല്വേഷന്‍ സമ്മറി റിപ്പോര്‍ട്ടും ഫിനാന്‍ഷ്യല്‍ ബിഡ് ഇവാല്വേഷന്‍ സമ്മറി റിപ്പോര്‍ട്ടും പുറത്തുവിട്ടുകൊണ്ടാണ് ഇവ തട്ടിക്കൂട്ട് റിപ്പോര്‍ട്ടുകളാണെന്ന് ആരോപണങ്ങള്‍ ഉയര്‍ത്തിയത്. സര്‍ക്കാരും കെല്‍ട്രോണും ഒളിച്ചുവെച്ച സുപ്രധാന രേഖയാണ് പുറത്തുവിടുന്നതെന്നും അദ്ദേഹം പറഞ്ഞു.