കോട്ടയം: സാമൂഹിക മാധ്യമങ്ങളിലൂടെ മൂന്‍ സുഹൃത്ത് അപവാദ പ്രചാരണം നടത്തിയതില്‍ മനംനൊന്ത് കടുത്തുരുത്തിയില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പോലീസ് സ്‌റ്റേഷനിലേക്ക് മാർച്ച് നടത്തി യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയ പ്രതി അരുണ്‍ വിദ്യാസാഗറിനെ പിടികൂടാന്‍ പോലീസ് അമാന്തിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.
സ്റ്റേഷനകത്തേക്ക് തള്ളിക്കയറിയ പ്രവര്‍ത്തകരെ പോലീസ് ബലംപ്രയോഗിച്ച് മാറ്റാന്‍ ശ്രമിച്ചതോടെ പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. വൈക്കം എ.എസ്.പി.യുടെ നേതൃത്വത്തില്‍ കൂടൂതല്‍ പോലീസ് സ്ഥലത്തെത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രിച്ചത്.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോലീസ് സ്‌റ്റേഷനില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പ്രവര്‍ത്തകര്‍ക്ക് പിന്തുണയുമായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ സ്ഥലത്തെത്തി. ആതിര പോലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയുടെ പകര്‍പ്പ് അരുണ്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നുവെന്ന് തിരുവഞ്ചൂര്‍ ചൂണ്ടിക്കാട്ടി. പരാതിയുടെ കോപ്പി എങ്ങനെ പ്രതിക്ക് ലഭിച്ചു. ആരാണ് പ്രതിക്ക് പരാതി കൊടുത്തത്.
അതേസമയം ആതിരയുടെ മരണത്തിലാണ് പ്രതിയായ അരുണ്‍ വിദ്യാധരനായി തിരച്ചില്‍ വ്യാപിപ്പിച്ചിരിക്കുന്നത്. ഇയാള്‍ സംസ്ഥാനം വിട്ടെന്ന് കഴിഞ്ഞ ദിവസം തന്നെ അന്വേഷണ ഉദ്യോഗസ്ഥന്‍ പ്രതികരിച്ചിരുന്നു. ഇയാള്‍ തമിഴ്‌നാട്ടിലേക്ക് കടന്നതായാണ് സൂചന. കഴിഞ്ഞ ദിവസം പ്രതിയുടെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കണ്ടെത്തിയത് കോയമ്പത്തൂരിലാണെന്നും വിവരങ്ങളുണ്ട്. നിലവില്‍ അയല്‍ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചാണ് പോലീസിന്റെ തിരച്ചില്‍ തുടരുന്നത്.