'ദി കേരള സ്റ്റോറി'യുടെ കേരളത്തിലെ ആദ്യ പ്രിവ്യൂ ഷോ കൊച്ചിയില്‍ നടന്നു; സിനിമ കാണാന്‍ മേജര്‍ രവിയും ബിജെപി, ആര്‍എസ്എസ് നേതാക്കളും

'ദി കേരള സ്റ്റോറി'യുടെ കേരളത്തിലെ ആദ്യ പ്രിവ്യൂ ഷോ കൊച്ചിയില്‍ നടന്നു; സിനിമ കാണാന്‍ മേജര്‍ രവിയും ബിജെപി, ആര്‍എസ്എസ് നേതാക്കളും

കൊച്ചി: പ്രതിഷേധങ്ങള്‍ക്കും എതിര്‍പ്പുകള്‍ക്കും ഇടയില്‍ വിവാദ സിനിമ 'ദി കേരള സ്റ്റോറി'യുടെ പ്രദര്‍ശനം കൊച്ചിയില്‍ നടന്നു. ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കായി എറണാകുളം ഷേണായീസ് തീയേറ്ററിലായിരുന്നു പ്രദര്‍ശനം. ബുധനാഴ്ച്ച ഉച്ചയ്ക്ക് ശേഷം മൂന്നിന് നടന്ന പ്രിവ്യൂ ഷോയില്‍ ബിജെപി, ആര്‍എസ്എസ് നേതാക്കള്‍ക്കൊപ്പം സിനിമ മേഖലയില്‍ നിന്ന് മേജര്‍ രവിയും തിലകന്റെ മകന്‍ ഷിബു തിലകനും സിനിമ കണ്ടു.

സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ട പ്രകാരമാണ് കൊച്ചിയില്‍ പ്രിവ്യൂ ഷോ ഒരുക്കിയതെന്നാണ് തിയേറ്റര്‍ അധികൃതര്‍ പറയുന്നത്. കേരളത്തില്‍ നടക്കുന്ന ആദ്യ പ്രിവ്യൂ ഷോ ആയിരുന്നു ഇത്. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. കെ.എസ്. രാധാകൃഷ്ണന്‍, ജില്ലാ പ്രസിഡന്റ് അഡ്വ. കെ.എസ്. ഷൈജു എന്നിവരും സിനിമ കണ്ടവരിലുണ്ട്.

സിനിമയ്ക്കെതിരെ വ്യാപക വിമര്‍ശനങ്ങളാണ് ഉയരുന്നത്. സിനിമയുടെ പ്രദര്‍ശനം തടയണമെന്നതുള്‍പ്പെടെയുള്ള ആവശ്യവുമായി പ്രതിപക്ഷ നേതാക്കള്‍ അടക്കം രംഗത്ത് എത്തിയിരുന്നു. സിനിമയ്‌ക്കെതിരെ നല്‍കിയ ഹര്‍ജികള്‍ അടിയന്തരമായി പരിഗണിക്കാന്‍ സുപ്രിംകോടതി വിസമ്മതിച്ചിരുന്നു. ഹര്‍ജിക്കാര്‍ക്ക് ആക്ഷേപങ്ങള്‍ കേരള ഹൈക്കോടതിയെ അറിയിക്കാമെന്നാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചത്. ഹൈക്കോടതിയില്‍ ഫയല്‍ ചെയ്യുന്ന ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്നും ബഞ്ച് നിര്‍ദേശിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.