പരിപാടി കഴിഞ്ഞാവാം ഫയല്‍ നോട്ടം...
തിരുവനന്തപുരം : ജോലി നോക്കേണ്ട സമയം സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ സെമിനാറില്‍ പങ്കെടുത്തു ജീവനക്കാര്‍. സെക്രട്ടേറിയറ്റിലെ സിപിഎം അനുകൂല സംഘടനയായ സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ സംഘടിപ്പിച്ച സെമിനാറിലാണു ജീവനക്കാര്‍ ജോലി മുടക്കി കൂട്ടത്തോടെ പങ്കെടുത്തത്. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയായിരുന്നു സെമിനാറിന്റെ ഉദ്ഘാടകന്‍. ഉച്ചയ്ക്ക് 1.15 മുതല്‍ 2.15 വരെയുള്ള ഉച്ചഭക്ഷണ ഇടവേളയുടെ സമയം ക്രമീകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. പരിപാടിയില്‍ സെക്രട്ടേറിയറ്റിലെ ആയിരത്തോളം ജീവനക്കാരാണ് പങ്കെടുത്തത്.
ഓരോ ഫയലും ഓരോ ജീവിതമാണെന്നും ആവര്‍ത്തിച്ച് വ്യക്തമാക്കുന്ന ഒരു ഇടത് പക്ഷ സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ അതേ പാര്‍ട്ടിയുടെ കേന്ദ്ര ജനറല്‍ സെക്രട്ടറി പങ്കെടുക്കുന്ന ചടങ്ങില്‍ ജീവനക്കാര്‍ ജോലി സമയത്ത് എത്തിയത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചു. സെക്രട്ടേറിയറ്റിലെ 50 ശതമാനം ഫയലുകള്‍ പോലും നീങ്ങുന്നില്ലെന്ന് ആവര്‍ത്തിച്ച സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്‍ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ഇതിനോടകം വിലയിരുത്തിയിരുന്നു.
എന്നാല്‍ പരിപാടി വൈകുന്നേരം മൂന്നുമണി വരെ നീളുകയായിരുന്നു. യെച്ചൂരിയെത്താന്‍ വൈകിയതും അദ്ദേഹത്തിന്റെ പ്രസംഗം നീണ്ടുപോയതുമാണ് പരിപാടി നീണ്ടുപോകാന്‍ കാരണമെന്നായിരുന്നു മറുപടിയായി അസോസിയേഷന്‍ നേതാക്കളുടെ വിശദീകരണം.