തിരുവനന്തപുരം: എഐ ക്യാമറകകള്‍ കണ്ടെത്തുന്ന നിയമ ലംഘനങ്ങള്‍ക്ക് ഉടനൊന്നും പിഴ ഈടാക്കില്ല. ക്യാമറ ഇടപാട് സംബന്ധിച്ച വിവാദങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിന് ശേഷം മാത്രമേ കെല്‍ട്രോണും മോട്ടോര്‍ വാഹന വകുപ്പും ഇതുസംബന്ധിച്ച് ധാരണാപത്രം ഒപ്പിടൂ എന്നാണ് റിപ്പോര്‍ട്ട്. ക്യാമറ ഇടപാട് സംബന്ധിച്ച് സര്‍ക്കാരിന്റെ അന്തിമ തീരുമാനവും ഇക്കാര്യത്തില്‍ നിര്‍ണായകമാകും.
ബോധവത്കരണത്തിന് ശേഷം ഈ മാസം ഇരുപത് മുതല്‍ പിഴ ഈടാക്കാനായിരുന്നു നേരത്തേയുള്ള തീരുമാനം. അതേസമയം ഇടപാടിലെ അഴിമതി ആരോപണത്തില്‍ നിന്നു കരകയറാന്‍ പദ്ധതി മരവിപ്പിക്കുന്നത് സംബന്ധിച്ചുള്ള നിയമവശങ്ങള്‍ സര്‍ക്കാര്‍ പരിശോധിക്കുകയാണ്. ഇതിനായി കരാര്‍ സംബന്ധിച്ച വിവരങ്ങള്‍ നിയമ വകുപ്പിന് ലഭ്യമാക്കിയിട്ടുണ്ട്. ജുഡിഷ്യല്‍ അന്വേഷണം ഉള്‍പ്പെടെയുള്ള കാര്യങ്ങളിലും സര്‍ക്കാര്‍ നിയമോപദേശം തേടി.
ഇടപാടില്‍ അക്കൗണ്ടന്റ് ജനറലിന്റെ അന്വേഷണവും രണ്ടാംഘട്ടത്തിലെത്തി. കെല്‍ട്രോണും മോട്ടോര്‍ വാഹന വകുപ്പും തമ്മിലുണ്ടാക്കിയ കരാറിനെയും കെല്‍ട്രോണ്‍ നല്‍കിയ ഉപകരാറുകളെയും കുറിച്ചാണ് ആദ്യം എ.ജി അന്വേഷണം നടത്തിയത്. ക്യാമറകളുടെ യഥാര്‍ത്ഥ വിലയും കരാറുകളില്‍ രേഖപ്പെടുത്തിയിരിക്കുന്ന വില വ്യത്യാസവുമാണ് ഇപ്പോള്‍ പരിശോധിക്കുന്നത്.
അതേസമയം വ്യവസായ വകുപ്പിന്റെ അന്വേഷണം അന്തിമഘട്ടിത്തിലെത്തി. ഈ രണ്ട് അന്വേഷണത്തിന്റെയും കണ്ടെത്തെലുകള്‍ വന്നശേഷം സമഗ്ര കരാര്‍ വേണമെന്ന ആവശ്യത്തിലേക്ക് കടന്നാല്‍ മതിയെന്നാണ് ഗതാഗത വകുപ്പിന്റെ തീരുമാനം. പദ്ധതിയിലെ കെല്‍ട്രോണിന്റെ പങ്കിനെക്കുറിച്ച് അന്വേഷിച്ചാല്‍ ഇക്കാര്യത്തില്‍ ഗതാഗതവകുപ്പിന്റെ ക്രമക്കേടുകള്‍ ഒന്നൊന്നായി പുറത്തുവരും. അതില്‍നിന്ന് തലയൂരാനാണ് സമഗ്ര കരാര്‍ എന്ന ആശയം മുന്നോട്ട് വെച്ചിരിക്കുന്നത്. അന്വേഷണത്തില്‍ വ്യക്തത വരുന്നതുവരെ ക്യാമറകളുടെ പ്രവര്‍ത്തനം തുടങ്ങരുതെന്ന നിര്‍ദ്ദേശം അടങ്ങിയ റിപ്പോര്‍ട്ട് ഗതാഗതവകുപ്പ് തയ്യാറാക്കിയിട്ടുണ്ട്.