ലണ്ടന്‍ : ചാള്‍സ് രാജാവിന്റെ കിരീടധാരണത്തില്‍ പങ്കെടുക്കുകയെന്നത് അത്ര ചെറിയ കാര്യമല്ല. ആ സദസില്‍ ക്ഷണം ലഭിക്കാനും വേണം ഒരു ഭാഗ്യം. രണ്ടായിരം അതിഥികള്‍ക്കാണ് ക്ഷണം ലഭിച്ചിരിക്കുന്നത്.
അങ്ങനെ പ്രത്യേകം ക്ഷണിക്കപ്പെട്ടവരുടെ കൂട്ടത്തില്‍ ഇടം പിടിച്ചിരിക്കുകയാണ് ഒരു മലയാളി കുടുംബം. ആദ്യം കാമില പാര്‍ക്കര്‍ ബൗള്‍സിന്റെയും പിന്നീട് ചാള്‍സിന്റെയും ഇഷ്ട ഡോക്ടറായിത്തീര്‍ന്ന വയനാട് സ്വദേശിയായ ഡോ. ഐസക് മത്തായി നൂറനാലിനും ഡോ. സുജ ഐസക്കിനുമാണ് കിരീടധാരണത്തില്‍ പങ്കെടുക്കുന്നതിനായി ക്ഷണം ലഭിച്ചത്. 15 വര്‍ഷത്തിലേറെയായി ബ്രിട്ടീഷ് രാജകുടുംബത്തിന്റെ ആരോഗ്യ ഉപദേഷ്ടാവുമാണ് ഡോ. ഐസക് മത്തായി. ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്റര്‍ ആബിയയില്‍ ഈ മാസം ആറിനാണ് ചടങ്ങ് നടക്കുന്നത്.
വൈദ്യചികിത്സയ്ക്കായി ഇന്ത്യയിലെത്തുന്ന രാജകുടുംബാംഗങ്ങളുടെ പ്രിയപ്പെട്ട സ്ഥലമാണ് ബംഗളൂരു. സൗഖ്യയുടെ ചെയര്‍മാനും സ്ഥാപകനുമായ ഡോ. ഐസക് മത്തായി ഹോമിയോ ഡോക്ടറാണ്. വര്‍ഷങ്ങളായി ചാള്‍സ് രാജാവും കാമിലയും സൗഖ്യയില്‍ വരാറുണ്ട്.
ഇന്ത്യയില്‍ നിന്ന് ഉപരാഷ്ട്രപതി ജഗദീഷ് ധന്‍കര്‍, യുഎസ് പ്രഥമ വനിത ജില്‍ ബൈഡന്‍, ഗായകന്‍ ലയണല്‍ റിച്ചി, മജീഷ്യന്‍ ഡൈനാമോ (സ്റ്റീവന്‍ ഫയില്‍) എന്നിവരും ക്ഷണിക്കപ്പെട്ടവരുടെ കൂട്ടത്തിലുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം.
എലിസബത്ത് രാജ്ഞിയുടെ അന്ത്യകര്‍മങ്ങള്‍ക്കായി യുണൈറ്റഡ് കിംഗ്ഡത്തിലേക്ക് ക്ഷണിക്കപ്പെട്ട ചുരുക്കം ചിലരില്‍ ഒരാളായിരുന്നു ഡോ. ഐസക് മത്തായി. കാമില സൗഖ്യയില്‍ ചികിത്സയ്ക്കായി എത്തിയത് 2010ലാണ്.