രജൗറിയില്‍ ഭീകരരുമായി ഏറ്റുമുട്ടല്‍; രണ്ട് സൈനികര്‍ക്ക് വീരമൃത്യു

രജൗറിയില്‍ ഭീകരരുമായി ഏറ്റുമുട്ടല്‍; രണ്ട് സൈനികര്‍ക്ക് വീരമൃത്യു

ശ്രീനഗര്‍: ജമ്മു കാശ്മീരിലെ രജൗറിയില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ക്ക് വീരമൃത്യു. നാലു സൈനികര്‍ക്ക് പരിക്കേറ്റു. പ്രദേശത്ത് ഭീകരരും സൈന്യവുമായുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ്.

രജൗറിയിലെ കന്തി വനമേഖലയിലാണ് ഏറ്റുമുട്ടല്‍. വനത്തിനകത്ത് ഭീകരര്‍ ഒളിച്ചിരിക്കുന്നു എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സൈന്യവും ജമ്മു കാശ്മീര്‍ പൊലീസും തിരച്ചില്‍ നടത്തുകയായിരുന്നു.

ഇതിനിടെ ഭീകരര്‍ സ്ഫോടക വസ്തുക്കള്‍ സൈന്യത്തിന് നേരെ എറിയുകയായിരുന്നു. സ്ഫോടകവസ്തു പൊട്ടിത്തെറിച്ചാണ് രണ്ടു സൈനികര്‍ കൊല്ലപ്പെട്ടത്. പരിക്കേറ്റവരെ ഉദ്ദംപൂരിലെ ആശുപത്രിയിലേക്ക് മാറ്റി.

രാവിലെ പത്തോടെ ആരംഭിച്ച ഏറ്റുമുട്ടല്‍ തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്. രജൗറിയില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ വിച്ഛേദിച്ചിരിക്കുകയാണ്. പ്രദേശത്ത് കൂടുതല്‍ സൈനികരെ വിന്യസിച്ചിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.