'കേരള സ്‌റ്റോറി'യ്ക്ക് മികച്ച പ്രതികരണം; ഇത് നമ്മുടെ സിനിമ, എല്ലാവരും കാണണമെന്ന് പ്രേക്ഷകര്‍

'കേരള സ്‌റ്റോറി'യ്ക്ക് മികച്ച പ്രതികരണം; ഇത് നമ്മുടെ സിനിമ, എല്ലാവരും കാണണമെന്ന് പ്രേക്ഷകര്‍

കോഴിക്കോട്: വിവാദ ചലച്ചിത്രമായ 'ദ കേരള സ്റ്റോറി'യുടെ ആദ്യ പ്രദര്‍ശനം കോഴിക്കോട് ക്രൗണ്‍ തിയേറ്ററില്‍ കണ്ടിറങ്ങിയപ്പോള്‍ മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. കുടുംബമായി വന്ന് ഓരോരുത്തരും കണ്ടിരിക്കേണ്ട സിനിമയാണെന്നായിരുന്നു പ്രേക്ഷകര്‍

പ്രതികരിച്ചത്. ഇതിനോടകം തന്നെ മികച്ച അഭിപ്രായമാണ് സിനിമക്ക് ലഭിക്കുന്നത്. ആസൂത്രിതമായി ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം ചെയ്യപ്പെട്ട യുവതികളുടെ കഥ പറയുന്ന ചിത്രമാണ് ദ കേരള സ്റ്റോറി.

ആദ്യ പ്രദര്‍ശനത്തില്‍ തന്നെ മികച്ച പ്രതികരണമാണ് ചിത്രം നേടിയത്. കാശ്മീര്‍ ഫയല്‍സ് മാതൃകയില്‍ വസ്തുതകള്‍ നിരത്തി സന്ദര്‍ഭങ്ങളെ കൂട്ടിയോജിപ്പിച്ചാണ് ചിത്രം ഒരുക്കിയത്. രാഷ്ട്രീയ, സാമൂഹ്യ രംഗത്തെ പ്രമുഖര്‍ ആദ്യദിനം തന്നെ ചിത്രം കാണാനായി തീയറ്ററുകളിലെത്തി. ലൗ ജിഹാദിനും നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനും ഇരയായവര്‍ക്കായി തിരുവനന്തപുരത്ത് തപസ്യയുടെ ആഭിമുഖ്യത്തില്‍ പ്രത്യേക ഷോയും സംഘടിപ്പിച്ചിരുന്നു. മറ്റ് പല സ്ഥലങ്ങളിലും ചിത്രം നിറഞ്ഞ സദസില്‍ ഓടുന്നുണ്ട്.

ചിത്രം കണ്ട് പുറത്തിറങ്ങിയ പ്രേക്ഷകരില്‍ ഭൂരിഭാഗവും പറഞ്ഞത് ഇത് നമ്മുടെ ഓരോരുത്തരുടേയും സിനിമയാണെന്നും കുടുംബത്തോടൊപ്പം കാണണമെന്നുമാണ്. മാത്രമല്ല ചെറുപ്പക്കാര്‍ പലരും പ്രതികരിച്ചത് എന്തിനാണ് കേരളം ഒരു വിഭാഗത്തെ ഇത്ര ഭയക്കുന്നതെന്നും ഭീഷണിയുടെ ഭാഗമായി പ്രദര്‍ശനം പോലും വേണ്ടായെന്ന് വെയ്ക്കുന്നതെന്നുമാണ്. കേരളം പ്രത്യേകിച്ച് കണ്ടിരിക്കേണ്ട സിനിമയാണെന്നും നമ്മുടെ നാടിന്റെ പോക്ക് എങ്ങോട്ടാണെന്നും എല്ലാവരും ഇതേപ്പറ്റി മനസിലാക്കേണ്ടതുണ്ടെന്നും ഒരാള്‍ പ്രതികരിച്ചു.

അതേസമയം ഭീകരവാദത്തിന്റെ യഥാര്‍ത്ഥ മുഖം കാട്ടിത്തരുന്ന സിനിമയാണ് ദ കേരള സ്റ്റോറിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി വ്യക്തമാക്കി. ഭീകരവാദികള്‍ നടപ്പിലാക്കിയ പദ്ധതികളുടെയും അവരുടെ പ്രവര്‍ത്തനങ്ങളുടെയും നേര്‍ച്ചിത്രമാണ് സിനിമയില്‍ കാണിച്ചിരിക്കുന്നത്. എന്നാല്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ കേരള സ്റ്റോറി റിലീസ് ചെയ്യുന്നതിനെ എതിര്‍ത്തുകൊണ്ട് വോട്ടുബാങ്ക് രാഷ്ട്രീയം കളിക്കുകയാണെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.

പല തീയേറ്ററുകളും പ്രദര്‍ശനത്തില്‍ നിന്ന് പിന്‍മാറിയത് ഭയപ്പെട്ടിട്ട് തന്നെയാണെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. പല തീയേറ്ററുകളിലും കലാപ ബാധിത പ്രദേശത്തെ അനുസ്മരിപ്പിക്കും വിധം വലിയ പൊലീസ് സന്നാഹവും ഉണ്ടായിരുന്നു. കേരള സ്റ്റോറി ആദ്യം അന്‍പത് തീയേറ്ററുകളില്‍ റിലീസ് ചെയ്യുമെന്നായിരുന്നു അറിയിച്ചിരുന്നത്. പിന്നീട് അത് 21 ആയി. പല തീയേറ്ററുകളും ഭീഷണി ഭയന്ന് അവസാന നിമിഷം പ്രദര്‍ശനത്തില്‍ നിന്ന് പിന്‍മാറുകയായിരുന്നു.

അതേസമയം കേരളാ സ്റ്റോറിയെക്കുറിച്ച് പ്രതികരിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രംഗത്തെത്തി. കേരളാ സ്റ്റോറി എന്ന സിനിമ താന്‍ കണ്ടില്ല. യഥാര്‍ത്ഥ സംഭവമാണെന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നുണ്ടെങ്കില്‍ അത് അന്വേഷിക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണന്നും ഗവര്‍ണര്‍ പറഞ്ഞു. അഭിപ്രായം പറയാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. നിയമ ലംഘനങ്ങള്‍ നടന്നുവെന്ന് ബോദ്ധ്യപ്പെട്ടാല്‍ അതേക്കുറിച്ച് തുറന്നു പറയാനും എല്ലാവര്‍ക്കും അവകാശമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ആരോപണ പ്രത്യാരോപണങ്ങള്‍ നടത്തുന്നതിന് പകരം അന്വേഷിക്കുകയാണ് വേണ്ടത്. തെറ്റായ കാര്യങ്ങള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ നടപടിയെടുക്കേണ്ടതുണ്ട്. ഭാവിയില്‍ ഇത്തരം തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കണം. എന്തെങ്കിലും വെളിച്ചത്ത് വന്നിട്ടുണ്ടെങ്കില്‍ അത് അന്വേഷിക്കേണ്ടത് അധികൃതരുടെ ഉത്തരവാദിത്തമാണെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.

പ്രദര്‍ശനം നടത്തിയ എറണാകുളത്തെ പല തീയേറ്ററുകള്‍ക്ക് മുന്നിലും ശക്തമായ പ്രതിഷേധവും അരങ്ങേറിയിരുന്നു. ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ ഇതിന് മുമ്പും പല സിനിമകളും മറ്റ് മതങ്ങളെ അവഹേളിച്ച് പുറത്തിറക്കിയിട്ടുണ്ട്. അന്നൊന്നും കാണാത്ത പ്രതിഷേധങ്ങളും ഭീകരാന്തരീക്ഷവുമായിരുന്നു പല തീയേറ്ററുകളുടെ മുമ്പിലും. കേരള സ്റ്റോറി എന്ന ഒളിച്ചുവെച്ച കേരളത്തിന്റെ കഥ പറഞ്ഞ ചിത്രത്തിന്റെ പ്രദര്‍ശന ദിനത്തില്‍ കേരളം കണ്ടത് കലാപ ഭൂമിയെ അനുസ്മരിപ്പിക്കും വിധമുള്ള കാഴ്ചകളാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.