തിരുവനന്തപുരം: സന്ദർശകരെ സ്വീകരിക്കാൻ പൊലീസ് ആസ്ഥാനത്ത് നിർത്തിയിരുന്ന കെപി- ബോട്ട് എന്ന യന്ത്ര മനുഷ്യനെ സ്ഥലം മാറ്റി. എസ്ഐ റാങ്കോടെ സന്ദർശകരെ സ്വീകരിച്ചുകൊണ്ടിരുന്ന റോബോട്ടിനെ കഴക്കൂട്ടം ടെക്‌നോപാർക്കിലെ സൈബർ ഡോമിലേക്കാണ് മാറ്റിയിരിക്കുന്നത്. നിയമസഭയിൽ എംകെ മുനീറിൻ്റെ ചോദ്യത്തിന് മുഖ്യമന്ത്രി രേഖാമൂലം നൽകിയ മറുപടിയിലാണ് റോബോട്ടിനെ മാറ്റിയ കാര്യം അറിയിച്ചിരിക്കുന്നത്. സന്ദർശകർ റോബോട്ടിൻ്റെ സേവനം ഉപയോഗിക്കാത്തതുകൊണ്ട് മാറ്റിയെന്നാണ് മുഖ്യമന്ത്രിയുടെ മറുപടി
അതേസമയം ഉദ്ഘാടനം ചെയ്ത് നാല് മാസം കൊണ്ട് റോബോട്ട് പ്രവർത്തിക്കാതായി എന്ന വിവരങ്ങളും പുറത്തു വരുന്നുണ്ട്. രാജ്യത്ത് ആദ്യമായിട്ടായിരുന്നു റോബോട്ടിൻ്റെ സേവനം പൊലീസ് വകുപ്പ് ഉപയോഗിച്ചത്. അതുകൊണ്ടുതന്നെ വലിയ പ്രചരണത്തോടെയായിരുന്നു റോബോട്ടിൻ്റെ ഉദ്ഘാടനം നടന്നത്. പൊലീസ് ആസ്ഥാനത്ത് ഡിജിപിയെ കാണാനെത്തുന്നവർക്ക് വിവരങ്ങൾ ചോദിച്ചറിയാനും റോബോട്ട് സഹായിക്കുമെന്നും അധികൃതർ വ്യക്തമാക്കിയിരുന്നു. മാത്രമല്ല പരാതിയുമായി എത്തുന്നവർക്ക് മാർഗ നിർദ്ദേശം നൽകാനും പരാതികൾ സൂക്ഷിക്കാനും റോബോട്ടിന് കഴിവുണ്ടെന്നും പൊലീസ് അവകാശപ്പെടുകയും ചെയ്തിരുന്നു.
2019 ഫെബ്രുവരി 20നാണ് കെപി- ബോട്ട് എന്ന റോബോട്ടിൻ്റെ ഉദ്ഘാനം നടന്നത്. മുഖ്യമന്ത്രി പിണറായി വിജയനാണ് റോബോട്ട് ഉദ്ഘാടനം ചെയ്തത്. പൊലീസ് നവീകരണത്തിനുള്ള ഫണ്ടുപയോഗിച്ചാണ് സൈബർഡോമും അസിമോവ് റോബോട്ടിക്സ് എന്ന കമ്പനിയും ചേർന്നാണ് കെപി- ബോട്ട് എന്ന റോബോട്ടിനെ വികസിപ്പിച്ചതും പൊലീസ് ആസ്ഥാനത്തിന് മുന്നിൽ സ്ഥാപിച്ചതും.