കൊച്ചി: എ.ഐ ക്യാമറയുടെ മറവില്‍ നടന്നത് 100 കോടിയുടെ അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഉപകരണങ്ങളുടെ ആകെ ചെലവ് 57 കോടി മാത്രമാണ് കണക്കാക്കിയത്. ഇതാണ് 151 കോടിയുടെ കരാറില്‍ എത്തിയതെന്നും കൊച്ചിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സതീശന്‍ പറഞ്ഞു.
ഉപകരാറിനായി രൂപീകരിച്ച കണ്‍സോര്‍ഷ്യത്തിന്റെ യോഗത്തില്‍ മുഖ്യമന്ത്രിയുടെ മകന്റെ ഭാര്യാ പിതാവായ പ്രകാശ് ബാബു പങ്കെടുത്തുവെന്നും സതീശന്‍ ആരോപിച്ചു. പ്രകാശ് ബാബുവാണ് യോഗത്തില്‍ ഏറ്റവും കൂടുതല്‍ സമയം സംസാരിച്ചതെന്നും ഇത് സ്വപ്ന പദ്ധതിയാണെന്ന് കമ്പനി പ്രതിനിധികളോട് പറഞ്ഞതായും ഇതുസംബന്ധിച്ച് അന്വേഷണം നടന്നാല്‍ തെളിവു നല്‍കാമെന്നും അദേഹം പറഞ്ഞു.
എസ്ആര്‍ഐടിയും കെല്‍ട്രോണും തമ്മിലുണ്ടാക്കിയ കരാറില്‍ ഈ കണ്‍സോര്‍ഷ്യവുമുണ്ട്. എന്നാല്‍ ഗുരുതരമായ ആരോപണം ഉന്നയിച്ച് കണ്‍സോര്‍ഷ്യത്തിലെ ഒരു കമ്പനി പിന്മാറി. പണം മുടക്കിയ കമ്പനികള്‍ പ്രകാശ് ബാബുവിനോടു പണം തിരിച്ചു ചോദിച്ചോ? വ്യവസായ മന്ത്രി പി. രാജീവ് ഇക്കാര്യത്തില്‍ മറുപടി പറയണം. വന്‍ തട്ടിപ്പാണെന്ന് മന്ത്രി രാജീവിനും വ്യവസായ സെക്രട്ടറിക്കും അറിയാമായിരുന്നുവെന്നും സതീശന്‍ ആരോപിച്ചു.
കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന ക്യാമറകളും അനുബന്ധ സാധനങ്ങളും വന്‍ വിലയ്ക്കാണ് വാങ്ങിയത്. പദ്ധതിയുടെ ഭാഗമായ എസ്ആര്‍ഐടിക്ക് ആറ് ശതമാനം കമ്മിഷന്‍ ലഭിച്ചു. 57 കോടിക്ക് പദ്ധതി നടപ്പാക്കാമെന്ന് ട്രോയ്സ് കമ്പനി അറിയിച്ചിരുന്നു. 45 കോടിയുടെ സാധനങ്ങള്‍ക്ക് 157 കോടിയുടെ പ്രപ്പോസലാണ് നല്‍കിയതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
തട്ടിപ്പിനെപ്പറ്റി അല്‍ഹിന്ദ് കമ്പനി 2021 ഒക്ടോബര്‍ 23 ന് വ്യവസായ സെക്രട്ടറിയെ അറിയിച്ചിരുന്നു. പി.രാജീവ് വ്യവസായ മന്ത്രി ആയിരിക്കുമ്പോഴാണ് അല്‍ഹിന്ദ് റിപ്പോര്‍ട്ട് നല്‍കിയതെന്നും സതീശന്‍ പറഞ്ഞു.