പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് കാശ്മീരിലേക്ക്; ഭീകരരെ പിടികൂടാന്‍ ഓപ്പറേഷന്‍ ത്രിനേത്ര

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് കാശ്മീരിലേക്ക്; ഭീകരരെ പിടികൂടാന്‍ ഓപ്പറേഷന്‍ ത്രിനേത്ര

ശ്രീനഗര്‍: പൂഞ്ചില്‍ ഭീകരാക്രമണം നടത്തിയ ഭീകരരെ പിടികൂടാനുള്ള ഓപ്പറേഷന്‍ ത്രിനെത്ര വിലയിരുത്താന്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഇന്ന് കാശ്മീരിലെത്തും. കരസേന മേധാവി ജനറല്‍ മനോജ് പാണ്ഡെ രാജ്‌നാഥ് സിങിനോപ്പം ഉണ്ടാകും. ഓപ്പറേഷന്‍ ത്രിനേത്ര വിലയിരുത്താന്‍ നോര്‍ത്തേണ്‍ ആര്‍മി കമാന്‍ഡര്‍ ഉപേന്ദ്ര ദ്വിവേദി രജൗരിയില്‍ എത്തിയിരുന്നു.

ഇന്ത്യന്‍ സൈന്യം ജമ്മു കാശ്മീരിലെ രജൗരിയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ആരംഭിച്ച ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ വധിച്ചു. ബാരാമുള്ളയിലെ കര്‍ഹാമ കുന്‍സര്‍ മേഖലയിലാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചതെന്ന് കശ്മീര്‍ പൊലീസ് അറിയിച്ചു.

ബാരാമുളളയില്‍ സുരക്ഷാ സേനയും  ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ്. കര്‍ഹാമ കുഞ്ചാര്‍ മേഖലയില്‍ മറ്റ് ഭീകരര്‍ക്കായുള്ള തിരച്ചില്‍ സുരക്ഷാ സേന ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം, രജൗരിയിലെ കാന്‍ഡി മേഖലയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. രജൗരിയിലെ കാന്‍ഡി വനത്തില്‍ നടന്ന ഏറ്റുമുട്ടലില്‍ അഞ്ച് ഇന്ത്യന്‍ സൈനികരാണ് വീരമൃത്യു വരിച്ചത്. ഇന്ന് പുലര്‍ച്ചെ 1.15 ന് ഭീകരരെ കണ്ടെത്തുകയും വെടിവെയ്പ്പ് ആരംഭിക്കുകയുമായിരുന്നെന്ന് പ്രതിരോധ വക്താവ് ലഫ്റ്റനന്റ് കേണല്‍ ദേവേന്ദര്‍ ആനന്ദ് പറഞ്ഞു. കാന്‍ഡി മേഖലയില്‍ ഭീകരര്‍ ഉണ്ടെന്ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യന്‍ സൈന്യം തിരച്ചില്‍ ആരംഭിച്ചത്. ഈ മേഖലയില്‍ സംയുക്ത ഓപ്പറേഷന്‍ ഇപ്പോഴും തുടരുകയാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.