കൊച്ചി: ഇന്ത്യന്‍ വ്യോമസേനയുടെ അഭിമാനമായ യുദ്ധക്കപ്പല്‍ ഐ.എന്‍.എസ് മഗര്‍ വിടവാങ്ങി. കഴിഞ്ഞ ദിവസം സൂര്യാസ്തമയത്തിന് ഒരു മിനിറ്റ് ബാക്കി നില്‍ക്കെയാണ് നാവികര്‍ ഐ.എന്‍.എസ് മഗര്‍ എന്ന മഹാനൗകയ്ക്ക് വിടയോതി സല്യൂട്ട് നല്‍കി. ഒപ്പം തന്നെ ഇന്ത്യയുടെ ത്രിവര്‍ണ പതാകയും നാവിക പതാകയും താഴ്ന്നു.
36 വര്‍ഷത്തെ വിശിഷ്ട സേവനത്തിന് ശേഷമാണ് ഐ.എന്‍.എസ് മഗര്‍ വിരമിച്ചത്. ശനിയാഴ്ച വൈകുന്നേരം കൊച്ചി തീരത്തായിരുന്നു മഗറിന്റെ ഡീകമ്മിഷനിങ് ചടങ്ങുകള്‍ നടന്നത്. നാവികസേന ദക്ഷിണ മേഖലാ മേധാവി വൈസ് അഡ്മിറല്‍ എം.എ ഹംപിഹോളി ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. 'വീര്‍ മഗര്‍' എന്ന തലക്കെട്ടില്‍ സ്‌ക്രീനില്‍ മഗറിന്റെ ചരിത്രം സ്‌ക്രീനില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.
1980 ല്‍ ശ്രീലങ്കയിലെ ഇന്ത്യന്‍ സമാധാന ദൗത്യസേനയ്ക്കായി സാധനസാമഗ്രികള്‍ എത്തിച്ചാണ് മഗര്‍ പോരാട്ടങ്ങളുടെ ഭാഗമായത്. ഓപ്പറേഷന്‍ പവന്‍ എന്നായിരുന്നു ദൗത്യത്തിന്റ പേര്. 2004 ലെ സുനാമി ദുരന്തത്തിലെ ദുരിതബാധിതരായ 1300 പേര്‍ക്ക് ഓപ്പറേഷന്‍ മദദ് പദ്ധതിയിലൂടെ സഹായമെത്തിച്ചതും 2020 ലെ കോവിഡ് കാലത്ത് മാലദ്വീപില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെ എത്തിച്ചതും ഐഎന്‍എസ് മഗര്‍ ആയിരുന്നു.
മഗറിന്റെ നിര്‍ണായക നാഴികക്കല്ലുകള്‍ അടങ്ങിയ സ്മരണിക ദി ഫൈനല്‍ ടച്ച്ഡൗണ്‍ എന്ന പേരില്‍ പ്രകാശനം ചെയ്തു. മഗറില്‍ കമാന്‍ഡിങ് ഓഫീസറായിരുന്ന ഹംപിഹോളി സര്‍വീസ് കാലം അനുസ്മരിച്ചത് ചടങ്ങിനെ വികാരഭരിതമാക്കി.
കൊല്‍ക്കത്തയിലെ ഗാര്‍ഡന്‍ റീച്ച് ഷിപ്പ് ബില്‍ഡേഴ്സ് ആന്‍ഡ് എന്‍ജിനിയേഴ്സില്‍ 1984 ലായിരുന്നു മഗറിന്റെ സൃഷ്ടി. 2018 ലാണ് മഗര്‍ കൊച്ചി നാവികസേനാ താവളത്തിലെ പരിശീലന കേന്ദ്രത്തിന്റെ ഭാഗമായത്. റോക്കറ്റ് ലോഞ്ചറും ബൊഫോഴ്സ് തോക്കുകളും അടക്കമുള്ള ആയുധ സംവിധാനങ്ങളുള്ള യുദ്ധകപ്പലാണ് ഐഎന്‍എസ് മഗര്‍.