തിരുവനന്തപുരം: തിരുവനന്തപുരം കണ്ണേറ്റുമുക്കില്‍ 100 കിലോ കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ കുറ്റം നിഷേധിച്ച് മുന്‍ എസ്എഫ്ഐ നേതാവ് അഖില്‍. സ്ഥിരമായി വരുന്ന കടയില്‍ അരി വാങ്ങാന്‍ വന്നതാണെന്നും മറ്റ് പ്രതികളെ തനിക്ക് അറിയില്ലെന്നുമാണ് ഇയാള്‍ പറയുന്നത്. താന്‍ ജഗതിയില്‍ വാടകയ്ക്ക് താമസിക്കുന്നയാളാണെന്നാണ് അഖില്‍ എക്സൈസ് ഉദ്യോഗസ്ഥരോടും നാട്ടുകാരോടും ആവര്‍ത്തിച്ച് പറഞ്ഞത്.
നെയ്യാറ്റിന്‍കര സ്വദേശിയാണ് പിടിയിലായ അഖില്‍. വഞ്ചിയൂര്‍ സംസ്‌കൃത സെന്ററിലെ എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റായിരുന്നു താനെന്നാണ് അഖില്‍ പറയുന്നത്. 2019 ല്‍ പ്രസിഡന്റായിരുന്നുവെന്നും താന്‍ ജഗതിയില്‍ വാടകയ്ക്ക് താമസിക്കുകയാണെന്നും അഖില്‍ എക്സൈസ് സംഘത്തോട് പറഞ്ഞു. സ്ഥിരമായി വരുന്ന കടയില്‍ രാവിലെ അരി വാങ്ങാന്‍ വന്നതാണെന്നും മറ്റ് പ്രതികളെ തനിക്ക് അറിയില്ലെന്നും ആവര്‍ത്തിച്ച് പറഞ്ഞതോടെ പറയാനുള്ളത് മുഴുവന്‍ കേള്‍ക്കാമെന്നും തല്‍കാലം മിണ്ടാതിരിക്കാനുമാണ് അന്വേഷണ സംഘം വ്യക്തമാക്കിയത്.
കുടുംബവുമായി യാത്ര പോകാനെന്ന വ്യാജേന വാടകയ്ക്കെടുത്ത വാഹനത്തില്‍ കഞ്ചാവ് കടത്തുന്നതിനിടെയാണ് അഖില്‍ ഉള്‍പ്പെടെ നാല് പേര്‍ പിടിയിലായത്. മൂന്ന് പേരെ എക്സൈസ് സംഘവും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചയാളെ നാട്ടുകാരും പിടികൂടുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന സ്ത്രീ ഓടി രക്ഷപ്പെട്ടു. നാല് ദിവസം മുന്‍പാണ് പ്രതികള്‍ വാഹനം വാടകയ്ക്കെടുത്തത്.
ഉടമ ജിപിഎസ് പരിശോധിച്ചപ്പോള്‍ വാഹനം ആന്ധ്രയില്‍ എത്തിയതായി കണ്ടെത്തിയിരുന്നു. സംശയം തോന്നിയ ഉടമ വിവരം എക്‌സൈസിനെ അറിയിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.