തിരുവനന്തപുരം: മണിപ്പുരില്‍ ക്രൈസ്തവര്‍ക്കും ക്രൈസ്തവ ദേവലയങ്ങള്‍ക്കുമെതിരെ നടക്കുന്ന ആക്രമണങ്ങളില്‍ ആശങ്ക അറിയിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കത്തയച്ചു. മണിപ്പുരില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളുടെ സുരക്ഷ ഉറപ്പാക്കാനും അവര്‍ക്ക് സുരക്ഷിതമായി കേരളത്തിലേക്ക് മടങ്ങാനുമുള്ള സൗകര്യം ഒരുക്കണമെന്നും അദ്ദേഹം കത്തില്‍ ആവശ്യപ്പെടുന്നു.
കോണ്‍ഗ്രസ് ഭരണകാലത്ത് സമാധാനപരമായിരുന്ന മണിപ്പുര്‍ ഇന്ന് വിഭാഗീയ സംഘര്‍ഷങ്ങളുടെ കേന്ദ്രമായി മാറിയിരിക്കുകയാണ്. ആക്രമണങ്ങളില്‍ നിരവധി പേര്‍ മരിക്കുകയും നൂറുകണക്കിന് പേര്‍ മറ്റു സംസ്ഥാനങ്ങളിലേക്ക് പലായനം ചെയ്യുകയും ചെയ്തു. സംസ്ഥാനത്തെ ക്രൈസ്തവ വിഭാഗങ്ങള്‍ അരക്ഷിതാവസ്ഥയിലാണെന്നും അദ്ദേഹം പറയുന്നു.
അക്രമം രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് വ്യാപിക്കുന്നത് തടയാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അടിയന്തര ഇടപെടല്‍ ആവശ്യമാണെന്നും കത്തില്‍ പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മണിപ്പൂരില്‍ സമാധാന പ്രിയരായി ജീവിതം നയിക്കുന്ന മണിപ്പൂരിലെ ക്രൈസ്തവര്‍ക്കെതിരായി നടക്കുന്ന ആക്രമണങ്ങളില്‍ അതീവ ദുഖവും ഞെട്ടലും രേഖപ്പെടുത്തിക്കൊണ്ട് കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) അധ്യക്ഷന്‍ ബിഷപ് ആന്‍ഡ്രൂസ് താഴത്ത് രംഗത്ത് വന്നിരുന്നു.
നിലവിലെ സംഘര്‍ഷാവസ്ഥ പരിഹരിക്കുന്നതിനും മണിപ്പൂരിന്റെ സമാധാനത്തിന് ഇടവകകളില്‍ പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ നടത്താനും സമാധാന സന്ദേശങ്ങള്‍ പ്രചരിപ്പിക്കാനും മാര്‍ ആന്‍ഡ്രൂസ് താഴത്ത് ആഹ്വാനം ചെയ്തു. ഭീതിയുടെ നിഴലില്‍ നിരവധി ആളുകള്‍ പലായനം ചെയുന്ന സാഹചര്യമാണ് നിലവിലുള്ളത്.
മാത്രമല്ല, ജെസ്യൂട്ട് വൈദീക സംഘത്തെ ആക്രമിച്ച് വാഹനം അഗ്നിക്കിരയാക്കിയിരുന്നു. വൈദികരും, സെമിനാരി വിദ്യാര്‍ത്ഥികളും, അല്‍മായ അധ്യാപകരും അടങ്ങുന്ന സംഘത്തെ മെയ് മൂന്നിനാണ് ആക്രമിച്ചത്. വീട് വെഞ്ചരിപ്പ് കഴിഞ്ഞ് സ്വവസതിയിലേക്ക് മടങ്ങുന്നതിനിടെ ഇംഫാലില്‍ നിന്നും 45 കിലോമീറ്റര്‍ അകലെയുള്ള മൊയിരാങ് പട്ടണത്തില്‍ വെച്ചാണ് ഒരു സംഘം ആളുകള്‍ ആക്രമിച്ചത്.
ജെസ്യൂട്ട് സംഘം സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞ ജനക്കൂട്ടത്തില്‍ ചിലര്‍ അത് പുരോഹിതരാണെന്ന് മനസിലാക്കിയതോടെ പോകുവാന്‍ സമ്മതിച്ചെങ്കിലും മദ്യലഹരിയിലായിരുന്ന ചിലര്‍ വാഹനം നിറുത്തുവാനുള്ള തങ്ങളുടെ ആവശ്യം അവഗണിച്ചുവെന്ന് ആരോപിച്ച് വാഹനം ബലമായി നിറുത്തിക്കുകയും ചില്ലുകള്‍ തകര്‍ത്ത് വാഹനം അഗ്നിക്കിരയാക്കുകയുമായിരിന്നു.
സംഭവം നടക്കുമ്പോള്‍ വൈദികരും സെമിനാരി വിദ്യാര്‍ത്ഥികളും സഭാ വസ്ത്രത്തില്‍ തന്നെ ആയിരുന്നു. പ്രദേശവാസികളായ ചിലര്‍ സംഘത്തെ സംരക്ഷിച്ച് പൊലീസ് സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. മണിപ്പൂര്‍ ജനസംഖ്യയുടെ 53 ശതമാനത്തോളം വരുന്ന മെയ്തി വിഭാഗത്തിനു പട്ടിക വര്‍ഗ പദവി നല്‍കുന്നത് പരിശോധിക്കാന്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോടു നിര്‍ദേശിച്ചതാണ് സംഘര്‍ഷത്തിനു കാരണം. ഹൈക്കോടതി നിര്‍ദേശത്തിനെതിരെ ഗോത്ര വിഭാഗങ്ങളായ നാഗകളും സേമികളും കുകികളും രംഗത്തുവന്നു. ഓള്‍ ട്രൈബല്‍ഡ് യൂണിയന്‍ മണിപ്പുര്‍ എന്ന സംഘടനയുടെ നേതൃത്വത്തില്‍ ബുധനാഴ്ച രാത്രി നടത്തിയ പ്രതിഷേധം ടോര്‍ബങ്ങില്‍ സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു.
കുകി വിഭാഗത്തിലെ ഭൂരിപക്ഷവും ക്രൈസ്തവരാണ്. വര്‍ഗീയ മാനം നല്‍കിയതിനെത്തുടര്‍ന്ന് ഇംഫാല്‍ വാലിയിലെയും, മൊയിരാങ് മേഖലയിലെയും ചില ദേവാലയങ്ങളും തകര്‍ക്കപ്പെട്ടു. ഇതുവരെ വിവിധ സഭകളുടെ കീഴിലുള്ള ഇരുപത്തിനാലോളം ദേവാലയങ്ങളാണ് തകര്‍ക്കപ്പെട്ടത്.