കൊച്ചി: അമ്മയില്‍ പുതിയ അംഗത്വ അപേക്ഷ പരിഗണിക്കുമ്പോള്‍ ലഹരിമരുന്ന് ഉപയോഗത്തെക്കുറിച്ചുള്ള കര്‍ശന പരിശോധനയുണ്ടാകുമെന്ന് ഇടവേള ബാബു. ലഹരി ഉപയോഗിക്കുന്ന അഭിനേതാക്കളുടെ പട്ടിക താരസംഘടനയായ 'അമ്മ'യുടെ പക്കലുണ്ടെന്ന ബാബുരാജിന്റെ വെളിപ്പെടുത്തല്‍ തള്ളിപ്പറഞ്ഞ് പ്രതികരിക്കുകയായിരുന്നു ജനറല്‍ സെക്രട്ടറി ഇടവേള ബാബു.
'എന്റെ കൈയില്‍ പട്ടികയൊന്നും ഇല്ല. നിര്‍മ്മാതാക്കള്‍ ഇതുവരെ രേഖാമൂലം പരാതിനല്‍കിയിട്ടില്ല. 'അമ്മ'യിലും ഇത് ചര്‍ച്ചയായിട്ടില്ലെന്നായിരുന്നു ഇടവേള ബാബുവിന്റെ പ്രതികരണം.
എന്നാല്‍, സര്‍ക്കാര്‍ സ്വീകരിക്കുന്ന ഏതു നടപടിയോടും സഹകരിക്കും. ജോലി ചെയ്യുമ്പോഴോ ജോലിസ്ഥലത്തോ ലഹരിമരുന്ന് ഉപയോഗിക്കാന്‍ പാടില്ലെന്നും പൊതുസ്ഥലങ്ങളില്‍ മോശമായി പെരുമാറരുതെന്നും അമ്മയുടെ ബൈലോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. മലയാള സിനിമാ ചിത്രീകരണ വേളകളില്‍ ലഹരി ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി വാര്‍ത്തകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.