തിരൂര്‍: ലൈഫ് ജാക്കറ്റ് ധരിച്ചത് കൊണ്ട് മാത്രമാണ് ജീവന്‍ തിരിച്ചുകിട്ടിയതെന്ന് രാജിസയും കുടുംബവും. രാജിസയും ഭര്‍ത്താവും മകളും ഈ ബോട്ട് യാത്രയില്‍ പങ്കെടുത്തിരുന്നു.കൃത്യമായി ലൈഫ് ജാക്കറ്റ് ധരിച്ചതിനാലാണ് ജീവന്‍ തിരിച്ചുകിട്ടിയതെന്നും രാജിസ പറഞ്ഞു.
ജീവതത്തിന്റെ കരയിലേക്ക് രാജിസയും ഭര്‍ത്താവും മകളും തിരിച്ചു വരുമ്പോള്‍ ആ സന്ധ്യയുടെ നടുക്കുന്ന ഓര്‍മ്മകള്‍ പറയുമ്പോള്‍ അവര്‍ വിറങ്ങലിക്കുകയാണ്. വേദനയും നൊമ്പരവും ആ വാക്കുകളെ മരവിപ്പിക്കുന്നു.
വൈകുന്നേരം ഏഴു മണിക്ക് ബോട്ടില്‍ കയറിയപ്പോള്‍ വെളിച്ചത്തിന്റെ കുറവുണ്ടായിരുനെന്നും ബോട്ടില്‍ നിന്നും പുക ഉയര്‍ന്നതായും അവര്‍ പറഞ്ഞു. തങ്ങളെ കൂടാതെ, മറ്റ് മൂന്ന് കുടുംബാംഗങ്ങളും ഉണ്ടായിരുന്നു. തീരെ കൊച്ചു കുഞ്ഞുങ്ങളും യാത്രയില്‍ പങ്കെടുത്തിരുന്നു. ബോട്ട് ഒരു വശത്തേക്ക് വളച്ചപ്പോഴായിരുന്നു അപകടം സംഭവിച്ചതെന്നാണ് ഇവര്‍ പറയുന്നത്. വെള്ളത്തില്‍ വീണ ഇവരുടെ മുകളിലേക്കാണ് ബോട്ട് മറിഞ്ഞത്.
ഞായറാഴ്ച വൈകുന്നേരം ഏഴിനായിരുന്നു സംഭവം. നാല്‍പതോളം വിനോദ സഞ്ചാരികളുമായി യാത്ര തുടങ്ങിയതാണ് അറ്റ്‌ലാന്റിക് ബോട്ട്. മുന്നൂറ് മീറ്റര്‍ സഞ്ചരിച്ചപ്പോഴാണ് അപകടത്തില്‍പ്പെട്ടത്. ആദ്യം ഒന്നു ചരിഞ്ഞ ബോട്ട് പിന്നീട് തലകീഴായി മറിയുകയായിരുന്നെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.