തിരുവനന്തപുരം: എഐ ക്യാമറകള്‍ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ കൊഴുക്കുമ്പോള്‍ ആരോപണം അന്വേഷിക്കാന്‍ നിയമിച്ച വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷിന് മണിക്കൂറുകള്‍ക്കുള്ളില്‍ രണ്ട് വകുപ്പുകളിലേക്ക് സ്ഥലം മാറ്റം. ഇന്ന് രാവിലെ ഇറങ്ങിയ ആദ്യ ഉത്തരവില്‍ റവന്യു വകുപ്പിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിട്ടായിരുന്നു സ്ഥലംമാറ്റം.
എന്നാല്‍ ആദ്യ ഉത്തരവ് ഇറങ്ങി ഒരുമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ മുഹമ്മദ് ഹനീഷിനെ ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി മാറ്റി നിയമിച്ചു കൊണ്ടാണ് വീണ്ടും ഉത്തരവ് ഇറക്കിയത്.
എഐ ക്യാമറാ വിവാദം സംബന്ധിച്ച് വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ എപിഎം. മുഹമ്മദ് ഹനീഷ് അന്വേഷണം നടത്തി ഈ ആഴ്ച്ച റിപ്പോര്‍ട്ട് നല്കുമെന്നായിരുന്നു വ്യവസായ മന്ത്രി തന്നെ അറിയിച്ചിരുന്നത്. ഇതിനിടയാണ് ഇന്ന് വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് സ്ഥാന ചലനം. സുമന്‍ ബില്ലയെ വ്യവസായ വകുപ്പിലേക്കും മാറ്റി.
അഡീഷ്ണല്‍ ചീഫ് സെക്രട്ടറി ഡോ.എ ജയതിലകിനെ റവന്യു വകുപ്പില്‍ നിന്നും ടാക്സ് ആന്‍ഡ് എക്സൈസ് വകുപ്പിലേക്കും ആരോഗ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ടിങ്കു ബിസ്വാളിനെ റവന്യു വകുപ്പിലേക്കും മാറ്റി. പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി റാണി ജോര്‍ജിനെ നിയമിച്ചു. എല്‍എസ്ജിഡി പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ ഷര്‍മിളാ മേരി ജോസഫിന് സാമൂഹ്യനീതി വകുപ്പിന്റെ കൂടി അധിക ചുമതല നല്കി. മിനി ആന്റണിക്ക് ന്യൂനപക്ഷ വികസന വകുപ്പിന്റെ സെക്രട്ടറിയായി അധിക ചുമതലയും നല്കി.