സുഡാനി യുവതികളെ ഉപയോഗിച്ച് സ്വര്‍ണക്കടത്ത്; ദുബായില്‍ ജ്വല്ലറി നടത്തുന്ന മലയാളിയും മകനും അറസ്റ്റില്‍

 സുഡാനി യുവതികളെ ഉപയോഗിച്ച് സ്വര്‍ണക്കടത്ത്; ദുബായില്‍ ജ്വല്ലറി നടത്തുന്ന മലയാളിയും മകനും അറസ്റ്റില്‍

മുംബൈ: സുഡാന്‍ യുവതികളെ ഉപയോഗിച്ച് മുംബൈ വിമാനത്താവളത്തിലൂടെ സ്വര്‍ണം കടത്തിയ കേസില്‍ ദുബായില്‍ ജ്വല്ലറി നടത്തുന്ന മലയാളിയും മകനും അറസ്റ്റില്‍. കോഴിക്കോട് സ്വദേശികളായ മുഹമ്മദ് അലിയും മകന്‍ ഷഹീബുമാണ് പിടിയിലായത്. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സാണ് ഇവരെ അറസ്റ്റ് ചെയ്തത്.

സ്വര്‍ണക്കടത്തിന്റെ പ്രധാന സൂത്രധാരന്മാരാണ് ഇവരെന്നാണ് അന്വേഷണ ഏജന്‍സികള്‍ നല്‍കുന്ന വിവരം.

പത്തുകോടി രൂപ വിലമതിക്കുന്ന 16 കിലോഗ്രാം സ്വര്‍ണവുമായി സുഡാന്‍ സ്വദേശികളായ 18 യുവതികള്‍ കഴിഞ്ഞമാസം മുംബൈ വിമാനത്താവളത്തില്‍ പിടിയിലായിരുന്നു. ഇവരെ ചോദ്യം ചെയ്തതോടെയാണ് മുഹമ്മദ് അലിയെയും മകന്‍ ഷഹീബിനെയും കുറിച്ചുള്ള വിവരങ്ങള്‍ അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചത്.

കഴിഞ്ഞ മാസം 25 നാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. യുഎഇയില്‍ നിന്ന് മൂന്ന് വിമാനങ്ങളില്‍ വ്യത്യസ്ത സംഘങ്ങളായാണ് സുഡാന്‍ സ്വദേശികളായ 18 യുവതികള്‍ സ്വര്‍ണവുമായി മുംബൈ വിമാനത്താവളത്തില്‍ ഇറങ്ങിയത്. ചോദ്യം ചെയ്യലിലാണ് മുഖ്യപ്രതിയായ മലയാളികളെക്കുറിച്ച് വിവരം ലഭിച്ചത്.

സ്വര്‍ണം കമ്മീഷന്‍ വ്യവസ്ഥയില്‍ കടത്തുന്നവരാണ് സുഡാനില്‍ നിന്നും എത്തിയ സ്ത്രീകളെന്ന് ഡിആര്‍ഐ സൂചിപ്പിച്ചു. പേസ്റ്റ് രൂപത്തിലും ആഭരണങ്ങളാക്കിയും ആണ് ഇവര്‍ സ്വര്‍ണം കടത്തിയിരുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.