താനൂര്‍: മലപ്പുറം താനൂരില്‍ കഴിഞ്ഞ ദിവസമുണ്ടായ ബോട്ടപകടം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് ഉത്തരവായി. എത്രയും വേഗം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന പോലീസ് മേധാവി നിര്‍ദ്ദേശിച്ചു.
ഉത്തരമേഖലാ ഐ.ജി നീരജ് കുമാര്‍ ഗുപ്തയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലായിരുക്കും അന്വേഷണം. മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്.സുജിത് ദാസാണ് സംഘത്തലവന്‍. താനൂര്‍ ഡിവൈ.എസ്.പി വി.വി ബെന്നിയാണ് അന്വേഷണ ഉദ്യോഗസ്ഥന്‍. കൊണ്ടോട്ടി എ.എസ്.പി വിജയ ഭാരത് റെഡി, താനൂര്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ജീവന്‍ ജോര്‍ജ് എന്നിവര്‍ സംഘത്തില്‍ അംഗങ്ങളാണ്.
ഞായറാഴ്ച വൈകുന്നേരം ഏഴോടെ ആയിരുന്നു മലപ്പുറം താനൂരിലെ തൂവല്‍തീരം ബീച്ചില്‍ വിനോദസഞ്ചാരികള്‍ സഞ്ചരിച്ച ബോട്ട് അപകടത്തില്‍പ്പെട്ട് 22 പേര്‍ മരിച്ചത്. മരിച്ചവരില്‍ ഏറെയും കുട്ടികളാണ്. വൈകിട്ട് ആറ് മണിക്ക് ശേഷം ബോട്ട് യാത്ര അനുവദിക്കാറില്ലെന്നിരിക്കെ വൈകിട്ട് ഏഴ് മണിക്ക് ശേഷം വെളിച്ചം പോലും ഇല്ലാത്ത സ്ഥലത്ത് ഇരട്ടിയിലധികം ആളുകളുമായിട്ടാണ് യാത്ര നടന്നത്. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ സര്‍വീസ് നടത്തിയ ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. കാണാതായവര്‍ക്കായുള്ള തിരച്ചില്‍ ഇന്നും തുടരും. സംഭവുമായി ബന്ധപ്പെട്ട് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു.