ന്യൂഡല്‍ഹി: രാജ്യവ്യാപകമായി വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണം നടപ്പാക്കാനൊരുങ്ങി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍. നടപടികള്‍ ആരംഭിക്കാന്‍ ചീഫ് ഇലക്ടറല്‍ ഓഫീസര്‍മാര്‍ക്ക് കമ്മീഷന്‍ നിര്‍ദേശം നല്‍കി. സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിലപാട് അറിയിച്ചത്.
ജനുവരി ഒന്നിനുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാക്കും. വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണം ആവശ്യപ്പെട്ടുള്ള ഹര്‍ജി തിങ്കളാഴ്ച സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ സത്യവാങ്മൂലം. അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളിലാണ് വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണം നടപ്പാക്കുന്നത്.
ഇതിനായി സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ചീഫ് ഇലക്ടറല്‍ ഓഫീസര്‍മാര്‍ക്ക് ആവശ്യമായ നിര്‍ദേശം നല്‍കി. ജൂണ്‍ 24 ലെ തീരുമാനം അനുസരിച്ച് പ്രത്യേകമായാണ് വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണം. ഇതിനാവശ്യമായ സമയക്രമവും തീരുമാനിച്ചിട്ടുണ്ട്. വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണം ഉടന്‍ ആരംഭിക്കണം എന്നുമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം.
2026 ജനുവരി 26 നകം വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണ നടപടികള്‍ പൂര്‍ത്തിയാക്കണം. ബുധനാഴ്ച ഡല്‍ഹിയില്‍ ചേര്‍ന്ന യോഗത്തില്‍ ചീഫ് ഇലക്ടറല്‍ ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയെന്നുമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ സത്യവാങ്മൂലം. ബിഹാറിലാണ് വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണ നടപടികള്‍ കമ്മീഷന്‍ ആദ്യം ആരംഭിച്ചത്.
ബിജെപി നേതാവും അഭിഭാഷകനുമായ അശ്വനികുമാര്‍ ഉപാധ്യായ നല്‍കിയ ഹര്‍ജിയിലാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ മറുപടി.