'ഹൃദയത്തില്‍ നിന്ന് രക്തം പൊടിയുന്നു'; താനൂര്‍ ബോട്ടപകടത്തില്‍ ഹൈക്കോടതി സ്വമേധയ കേസെടുക്കും

'ഹൃദയത്തില്‍ നിന്ന് രക്തം പൊടിയുന്നു'; താനൂര്‍ ബോട്ടപകടത്തില്‍ ഹൈക്കോടതി സ്വമേധയ കേസെടുക്കും

കൊച്ചി: ഇരുപത്തി രണ്ടുപേരുടെ മരണത്തിനിടയാക്കിയ താനൂര്‍ ബോട്ട് അപകടത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുക്കും. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഉള്‍പ്പെട്ടെ ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. കേസ് രജിസ്റ്റര്‍ ചെയ്യാന്‍ രജിസ്ട്രിയ്ക്ക് കോടതി നിര്‍ദേശം നല്‍കി.

കളക്ടര്‍ പ്രാഥമിക റിപ്പോര്‍ട്ട് വെള്ളിയാഴ്ചയ്ക്കകം നല്‍കണം. പോര്‍ട്ട് ഓഫീസറും ജില്ലാ കളക്ടറും ചീഫ് സെക്രട്ടറിയും ഡിജിപിയും എതിര്‍ കക്ഷികളാകും.
ഹൃദയത്തില്‍ നിന്ന് രക്തം പൊടിയുകയാണെന്നും നിയമത്തെ ഭയപ്പെടുന്ന സാഹചര്യമുണ്ടാകണമെന്നും കോടതി നിരീക്ഷിച്ചു. ഉത്തരവാദികളെ കണ്ടെത്തണം. കടുത്ത ആശങ്കയുണ്ട്. യാത്ര സുരക്ഷിതമെന്ന് ഉറപ്പാക്കേണ്ട ഉദ്യോഗസ്ഥരില്ലേ? എന്തുകൊണ്ടാണ് കണ്ണടച്ചിരിക്കുന്നതെന്നും ചീഫ് സെക്രട്ടറിയെ കേസില്‍ കക്ഷിയാക്കണമെന്നും കോടതി ചോദിച്ചു.

അപകടം ഞെട്ടിക്കുന്നതാണ്. കാരണം കണ്ടെത്തേണ്ടതുണ്ട്. ആവര്‍ത്തിച്ചാവര്‍ത്തിച്ച് ഇത്തരം ദുരന്തം ഉണ്ടാകുന്നു. ഇത് തടയുന്നതിനുള്ള യാതൊരു നടപടികളും ഉണ്ടാകുന്നില്ല. ഫലപ്രദമായ ഇടപെടല്‍ ഉണ്ടാകണം. സര്‍ക്കാരിന് ഗൗരവമുണ്ടെങ്കില്‍ കോടതിയ്ക്ക് ഒപ്പം നില്‍ക്കണമെന്നും കോടതി വ്യക്തമാക്കി. ജീവന്‍ പണയംവച്ച് നാട്ടുകാര്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തെ കോടതി അഭിനന്ദിക്കുകയും ചെയ്തു.

പോര്‍ട്ട് ഓഫീസറോട് കോടതി റിപ്പോര്‍ട്ട് തേടി. മാരിടൈം ബോര്‍ഡിന്റെ കീഴിലുള്ള പോര്‍ട്ട് ഓഫീസറാണ് വിശദീകരണം നല്‍കേണ്ടത്. നിലവില്‍ മാരിടൈം ബോര്‍ഡിന്റെ അഴീക്കല്‍ പോര്‍ട്ട് ഓഫീസര്‍ ആഭ്യന്തര അന്വേഷണം നടത്തുകയാണ്. ഈ അന്വേഷണ റിപ്പോര്‍ട്ടായിരിക്കും മാരിടൈം ബോര്‍ഡ് ഹൈക്കോടതിയില്‍ സമര്‍പ്പിക്കുക.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.