മലപ്പുറം: താനൂരില്‍ 22 പേരുടെ മരണത്തിനിടയാക്കിയ അപകടത്തില്‍ ബോട്ട് ഉടമ നാസറിനെതിരേ നരഹത്യാ കുറ്റം ചുമത്തി. അപകടം ഉണ്ടാകുമെന്ന് ബോധ്യമുണ്ടായിട്ടും ബോട്ട് സര്‍വീസ് നടത്തിയെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. കസ്റ്റഡിയിലെടുത്ത നാസറിന്റെ അറസ്റ്റ് രേഖപ്പെടുത്തി. പരപ്പനങ്ങാടി മജിസ്ട്രേറ്റ് കോടതിയില്‍ നാസറിനെ ഹാജരാക്കും.
അതേസമയം പ്രതി ചോദ്യം ചെയ്യലുമായി സഹകരിക്കുന്നുണ്ടെന്ന് മലപ്പുറം എസ്.പി സുജിത്ത് ദാസ് മാധ്യമങ്ങളോട് പറഞ്ഞു. കൊലക്കുറ്റമായിട്ടാണ് അന്വേഷണം മുമ്പോട്ട് കൊണ്ടുപോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കുറ്റകരമായ നരഹത്യ, കൊലയായിട്ടാണ് കണക്കാക്കുന്നത്. ഐ.പി.സി 302 ആണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സ്രാങ്ക് ദിനേശന്‍ ഇപ്പോള്‍ ഒളിവിലാണ്. നാസറിനെ ചോദ്യം ചെയ്ത ശേഷം മറ്റുള്ള പ്രതികളേയും വൈകാതെ പിടികൂടുമെന്ന് എസ്.പി. വ്യക്തമാക്കി.
ഇന്നലെ കോഴിക്കോട് എലത്തൂരില്‍ നിന്നാണ് ബോട്ടുടമ നാസറിനെ പിടികൂടുന്നത്. അപകടത്തിന് പിന്നാലെ ഒളിവില്‍ പോയ സ്രാങ്ക് ദിനേശനെ ഇതുവരെ പോലീസിന് പിടികൂടാനായിട്ടില്ല. ഇയാള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ശക്തമായിരിക്കുകയാണ്.
കേരള ഇന്‍ലാന്‍ഡ് വെസല്‍സ് ആക്ട് അനുസരിച്ച് പോര്‍ട്ട് ഡിപ്പാര്‍ട്ട്മെന്റിന്റെ കീഴില്‍ വരുന്ന കാര്യമാണ് ബോട്ടിന് ലൈസന്‍സ് കൊടുക്കുന്നതും പരിശോധന നടത്തുന്നതും. ആ ഡിപ്പാര്‍ട്ട്മെന്റിനാണ് അതു നടത്താനുള്ള ഉത്തരവാദിത്തം.
താനൂരിലുണ്ടായ അപകടവുമായി ബന്ധപ്പെട്ട് മലപ്പുറം എസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം ഡിജിപി രൂപീകരിച്ചിട്ടുണ്ട്. താനൂര്‍ ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. എഎസ്പി കൊണ്ടോട്ടി, താനൂര്‍ ഇന്‍സ്പെക്ടര്‍, ഡാന്‍സാഫ് ടീം തുടങ്ങിയവര്‍ സംഘത്തിലുണ്ടാകും.
അപകടത്തില്‍പ്പെട്ട ബോട്ടില്‍ വിദഗ്ധ പരിശോധന നടത്തും. ഇതിനായി കൊച്ചിന്‍ യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള സാങ്കേതിക വിദഗ്ധര്‍ ഉള്‍പ്പെടുന്ന സംഘം അടുത്തു തന്നെ പരിശോധിക്കും. മത്സ്യബന്ധന ബോട്ടിന് രൂപ മാറ്റം വരുത്തിയതുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം അന്വേഷിക്കും. ബോട്ടിന് പെര്‍മിറ്റ്, അനുമതി തുടങ്ങിയവ ലഭിച്ചതിനെപ്പറ്റിയും അന്വേഷിക്കുമെന്ന് എസ്പി അറിയിച്ചു.