മലപ്പുറം: താനൂരില്‍ അപകടത്തില്‍പ്പെട്ട അറ്റ്ലാന്റിക് ബോട്ടിന്റെ ഡ്രൈവര്‍ ദിനേശന്‍ അറസ്റ്റില്‍. രണ്ട് ദിവസമായി ഒളിവിലായിരുന്ന ഇയാളെ താനൂരില്‍ നിന്നാണ് പിടികൂടിയത്. ഇതോടെ ബോട്ട് അപകടവുമായി ബന്ധപ്പെട്ട കേസില്‍ പിടിയിലായവരുടെ എണ്ണം അഞ്ചായി. മറ്റൊരു ജീവനക്കാരനായ രാജന്‍ ഒളിവിലാണ്.
ഡ്രൈവര്‍ ദിനേശന് ലൈസന്‍സ് ഇല്ലായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി. താനൂരില്‍ അപകടസമയം ബോട്ടില്‍ 37 പേരാണ് ഉണ്ടായിരുന്നതെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് ബോട്ടിന്റെ ഡെക്കിലും ആളെ കയറ്റിയത്.
ഇരുപത്തിരണ്ട് പേര്‍ക്ക് സഞ്ചരിക്കാനുള്ള ശേഷി മാത്രമാണ് ബോട്ടിനുണ്ടായിരുന്നത്. ആളുകളെ അശാസ്ത്രീയമായി കുത്തി നിറച്ചതാണ് അപകട കാരണം. വലിയ അപകടമുണ്ടാകുമെന്ന് നടത്തിപ്പുകാരന് ബോധ്യമുണ്ടായിരുന്നെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ബോട്ടിന്റെ ഉടമയായ നാസറിനെ കോടതി ഇന്നലെ റിമാന്‍ഡ് ചെയ്തു. ഇയാളെ തിരൂര്‍ സബ് ജയിലിലേ്ക്ക് മാറ്റി. ബോട്ട് ഡ്രൈവറുടെ അറസ്‌റ്റോടെ അപകടത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.