ഇരുചക്ര വാഹനങ്ങളില്‍ കുട്ടികള്‍ക്ക് പിഴ; നിര്‍ണായക തീരുമാനം ഇന്ന്

 ഇരുചക്ര വാഹനങ്ങളില്‍ കുട്ടികള്‍ക്ക് പിഴ; നിര്‍ണായക തീരുമാനം ഇന്ന്

തിരുവനന്തപുരം: ഇരുചക്ര വാഹനങ്ങളില്‍ മാതാപിതാക്കള്‍ക്കൊപ്പം 12 വയസില്‍ താഴെയുള്ള ഒരു കുട്ടിക്ക് കൂടി യാത്ര ചെയ്യാന്‍ ഇളവ് അനുവദിക്കണമെന്ന ആവശ്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം ഇന്നറിയാം. സുരക്ഷ ഉറപ്പാക്കാന്‍ സംസ്ഥാനമൊട്ടാകെ എഐ ക്യാമറ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് ഗതാഗത വകുപ്പിന്റെ ഉന്നതതല യോഗം ഇന്ന് മന്ത്രി ആന്റണി രാജുവിന്റെ നേതൃത്വത്തില്‍ ചേരും.

മാതാപിതാക്കള്‍ക്കൊപ്പം 12 വയസില്‍ താഴെയുള്ള ഒരു കുട്ടിക്ക് കൂടി ഹെല്‍മറ്റ് ധരിച്ച് ഇരുചക്ര വാഹനത്തില്‍ യാത്ര ചെയ്യുന്നതിന് ഇളവ് അനുവദിക്കുന്ന കാര്യം ചര്‍ച്ചയാകുമെന്നാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ മാസം 20 നാണ് പുതിയ റോഡ് സുരക്ഷാ പദ്ധതി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്. എന്നാല്‍ ഈ മാസം 19 വരെ പിഴ ഇടാക്കാതെ ബോധവല്‍ക്കരണമാണ് ഉദ്ദേശിച്ചിരുന്നത്. അതിനിടെയാണ് ക്യാമറ സ്ഥാപിക്കലില്‍ അഴിമതി ആരോപണവും തുടര്‍ വിവാദവും ഉണ്ടായത്.

ഇരുചക്ര വാഹനങ്ങളില്‍ പോകുന്ന 12 വയസില്‍ താഴെയുള്ള കുട്ടിക്ക് മൂന്ന് പേര്‍ യാത്ര ചെയ്യുമ്പോള്‍ ചുമത്തുന്ന പിഴ ഈടാക്കുമെന്ന വ്യവസ്ഥയില്‍ ഇളവു വേണമെന്ന ആവശ്യം വ്യാപകമായി ഉയര്‍ന്നിരുന്നു. ഇക്കാര്യത്തില്‍ കേന്ദ്ര നിയമത്തിലെ വ്യവസ്ഥയില്‍ ഇളവ് വരുത്തണമെന്നായിരുന്നു ആദ്യം ഗതാഗതവകുപ്പ് വിശദീകരിച്ചതെങ്കിലും സംസ്ഥാന സര്‍ക്കാര്‍ തന്നെ ഈ ഇളവ് കൊണ്ടുവരുന്ന കാര്യത്തില്‍ ഇന്ന് തീരുമാനമെടുക്കുമെന്നാണ് വിവരം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.