ആക്രമണത്തില്‍ ഭയന്നത് ഡോക്ടര്‍ അത്ര എക്സ്പീരിയന്‍സ്ഡ് അല്ലാത്തതുകൊണ്ടെന്ന് ആരോഗ്യമന്ത്രി; മറുപടിയുമായി ഗണേഷ് കുമാര്‍

ആക്രമണത്തില്‍ ഭയന്നത് ഡോക്ടര്‍ അത്ര എക്സ്പീരിയന്‍സ്ഡ് അല്ലാത്തതുകൊണ്ടെന്ന് ആരോഗ്യമന്ത്രി; മറുപടിയുമായി ഗണേഷ് കുമാര്‍

കൊല്ലം: കൊട്ടാരക്കരയില്‍ യുവ ഡോക്ടര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരിച്ച ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് മറുപടിയുമായി ഗണേഷ് കുമാര്‍ എംഎല്‍എ. കൊല്ലപ്പെട്ട ഡോക്ടര്‍ക്ക് പരിചയസമ്പത്തുണ്ടായിരുന്നില്ലെന്നാണ് വീണാ ജോര്‍ജ് പറഞ്ഞത്.

'കൊട്ടാരക്കരയില്‍ നടന്നത് നിര്‍ഭാഗ്യകരമായ സംഭവമാണ്. വളരെ വേദനിപ്പിക്കുന്ന രീതിയിലാണ് കൊല്ലപ്പെട്ടിരിക്കുന്നത്. പൊലീസ് കൊണ്ടുവന്ന ഒരു പ്രതി കൂടിയാണ് പ്രതി. ആരോഗ്യ പ്രവര്‍ത്തകരും ഡിഎംഒ ഉള്‍പ്പെടെയുള്ളവരും സ്ഥലത്തുണ്ടായിരുന്നു. കുട്ടി ഹൗസ് സര്‍ജന്‍ ആണ്. അത്ര എക്‌സ്പീരിയന്‍സ്ഡ് അല്ല. അതുകൊണ്ട് ആക്രമണം ഉണ്ടായപ്പോള്‍ കുട്ടി ഭയന്നിട്ടുണ്ടെന്നാണ് ഡോക്ടര്‍ അറിയിച്ചിട്ടുള്ളത്. ഓടാന്‍ സാധിക്കാതെ കുട്ടി വീണുപോയപ്പോള്‍ ആക്രമിക്കപ്പെട്ടതാണ്.'- ആരോഗ്യമന്ത്രി പറഞ്ഞു.

ലഹരിക്കടിമയായ ഒരാള്‍ ആക്രമിച്ചാല്‍ എങ്ങനെ തടയുമെന്നാണ് ഇതിന് മറുപടിയുമായി ഗണേഷ് കുമാര്‍ ചോദിച്ചത്. പ്രതി ഡോക്ടറെ കീഴ്‌പ്പെടുത്തിയ ശേഷം പുറത്തുകയറിയിരുന്ന് നിരവധി തവണ കുത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോട്ടയം സ്വദേശി ഡോക്ടര്‍ വന്ദന ദാസാണ് ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ടത്. നെടുമ്പന യുപി സ്‌കൂള്‍ അധ്യാപകനായ പൂയപ്പള്ളി ചെറുകരക്കോണം സ്വദേശി സന്ദീപാണ് വന്ദനയെ ആക്രമിച്ചത്. ആശുപത്രിയിലെ കത്രിക ഉപയോഗിച്ചാണ് ഇയാള്‍ ഡോക്ടറെ കുത്തിയത്. പ്രതിയുടെ ആക്രമണത്തില്‍ പൊലീസുകാര്‍ ഉള്‍പ്പെടെ നാലുപേര്‍ക്ക് പരിക്കേറ്റിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.