താനൂര്‍ ബോട്ട് അപകടം: ജുഡീഷ്യല്‍ കമ്മീഷനായി ജസ്റ്റിസ് വി.കെ മോഹനനെ ചുമതലപ്പെടുത്തി സര്‍ക്കാര്‍ ഉത്തരവായി

താനൂര്‍ ബോട്ട് അപകടം: ജുഡീഷ്യല്‍ കമ്മീഷനായി ജസ്റ്റിസ് വി.കെ മോഹനനെ ചുമതലപ്പെടുത്തി സര്‍ക്കാര്‍ ഉത്തരവായി

മലപ്പുറം: താനൂര്‍ ബോട്ട് അപകടത്തെക്കുറിച്ച് അന്വേഷിക്കാന്‍ ജുഡീഷ്യല്‍ കമ്മീഷനെ തീരുമാനിച്ച് സര്‍ക്കാര്‍. ജസ്റ്റിസ് വി.കെ മോഹനന്റെ നേതൃത്വത്തിലുള്ള സമിതിയെയാണ് മന്ത്രിസഭാ യോഗം ചുമതലപ്പെടുത്തിയത്. അപകടത്തെ കുറിച്ച് സമഗ്രമായ ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഞായറാഴ്ച വൈകുന്നേരം ഏഴോടെ ആയിരുന്നു മലപ്പുറം താനൂരിലെ തൂവല്‍തീരം ബീച്ചില്‍ വിനോദസഞ്ചാരികള്‍ സഞ്ചരിച്ച ബോട്ട് അപകടത്തില്‍പ്പെട്ട് 22 പേര്‍ മരിച്ചത്.

അതേസമയം, സംഭവത്തില്‍ ഉദ്യോഗസ്ഥ വീഴ്ച ബോധ്യപ്പെട്ടെന്നും അന്വേഷണ റിപ്പോര്‍ട്ട് കിട്ടിയാല്‍ ഉടന്‍ കര്‍ശന നടപടി ഉണ്ടാകുമെന്നുമെന്നാണ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അറിയിച്ചത്. ഉദ്യോഗസ്ഥ തലത്തില്‍ വീഴ്ച്ച ഉണ്ടായെന്ന് പ്രാഥമികമായി ബോധ്യപ്പെട്ടെന്ന് സ്ഥലം സന്ദര്‍ശിച്ച മനുഷ്യാവകാശ കമ്മീഷന്‍ വ്യക്തമാക്കി. എസ്പി, ചീഫ് പോര്‍ട്ട് സര്‍വേയര്‍ എന്നിവരില്‍ നിന്നും മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

സംസ്ഥാനത്തെ മുഴുവന്‍ യാനങ്ങളിലും സ്‌പെഷ്യല്‍ സ്‌ക്വാഡ് രൂപീകരിച്ച് പരിശോധന നടത്താന്‍ തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. ബോട്ടുകളില്‍ കയറ്റാവുന്ന പരമാവധി യാത്രക്കാരുടെ എണ്ണം പൊതുജനങ്ങള്‍ക്ക് കാണാവുന്ന രീതിയില്‍ പ്രദര്‍ശിപ്പിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മേല്‍നോട്ടത്തില്‍ ജാഗ്രതാ സമിതികള്‍ രൂപീകരിക്കാനും തീരുമാനമായി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.