മലപ്പുറം: താനൂര്‍ ബോട്ടപകടത്തെ കുറിച്ച് അന്വേഷിക്കാന്‍ ജുഡീഷ്യല്‍ കമ്മീഷനെ ജസ്റ്റിസ് വി.കെ മോഹനന്‍ നയിക്കും. സംസ്ഥാനത്തെ മുഴുവന്‍ യാനങ്ങളിലും സ്‌പെഷ്യല്‍ സ്‌ക്വാഡ് രൂപീകരിച്ച് പരിശോധന നടത്തും.
ബോട്ടുകളില്‍ കയറ്റാവുന്ന പരമാവധി യാത്രക്കാരുടെ എണ്ണം പൊതുജനങ്ങള്‍ക്ക് കാണാവുന്ന രീതിയില്‍ പ്രദര്‍ശിപ്പിക്കും. തദ്ദേശ സ്ഥാപനങ്ങളുടെ മേല്‍നോട്ടത്തില്‍ ജാഗ്രതാ സമിതികള്‍ രൂപീകരിക്കാനും തീരുമാനമായി.
അതേസമയം, സംഭവത്തില്‍ ഉദ്യോഗസ്ഥ വീഴ്ച ബോദ്ധ്യപ്പെട്ടെന്നും അന്വേഷണ റിപ്പോര്‍ട്ട് കിട്ടിയാല്‍ ഉടന്‍ കര്‍ശന നടപടി ഉണ്ടാകുമെന്നും സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അറിയിച്ചു. ഉദ്യോഗസ്ഥ തലത്തില്‍ വീഴ്ച ഉണ്ടായിയെന്ന് പ്രാഥമികമായി ബോദ്ധ്യപ്പെട്ടെന്ന് സ്ഥലം സന്ദര്‍ശിച്ച മനുഷ്യാവകാശ കമ്മീഷന്‍ അറിയിച്ചു. സംഭവത്തില്‍ എസ്പി, ചീഫ് പോര്‍ട്ട് സര്‍വേയര്‍ എന്നിവരില്‍ നിന്നും മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.
അമിത ലാഭം നേടാന്‍ ഇരുപത് ദിവസത്തോളം ബോട്ട് എല്ലാ മാനദണ്ഡങ്ങളും കാറ്റില്‍പ്പറത്തി സര്‍വീസ് നടത്തി എന്നാണ് നാസറിന്റെ റിമാന്റ് റിപ്പോര്‍ട്ടില്‍ പൊലീസ് പറയുന്നത്. ബോട്ടിന്റെ ഡെക്കില്‍ പോലും ആളുകളെ കയറ്റിയെന്നും അന്വേഷണത്തില്‍ കണ്ടെത്തി. അതിനിടെ അപകടത്തില്‍പ്പെട്ട ബോട്ടിന്റെ സ്രാങ്കിനെ പൊലീസ് പിടികൂടി. ഇയാള്‍ക്ക് ലൈസന്‍സ് ഉണ്ടായിരുന്നില്ല.
ബോട്ടിലെ മറ്റൊരു ജീവനക്കാരന്‍ രാജന്‍ ഒളിവിലാണ്. അതേസമയം, ബോട്ട് സര്‍വീസിന് ഉദ്യോഗസ്ഥ തലത്തില്‍ ലഭിച്ച സഹായങ്ങളെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ മനസിലാക്കാന്‍ മുഖ്യ പ്രതിയെ ഉടന്‍ പൊലീസ് കസ്റ്റഡിയില്‍ വാങ്ങും. ഇതിനുള്ള അപേക്ഷ വ്യാഴാഴ്ച സമര്‍പ്പിക്കും.