കോട്ടയം: കൊട്ടാരക്കരയില്‍ യുവ വനിതാ ഡോക്ടര്‍ പരിശോധനയ്‌ക്കെത്തിയ രോഗിയുടെ കുത്തേറ്റ് കൊല്ലപ്പെട്ട സംഭവം വലിയ വാര്‍ത്തയായതോടെ കോട്ടയം മെഡിക്കല്‍ കോളജിലും നഴ്‌സിന് രോഗിയില്‍ നിന്ന് മര്‍ദ്ദനമേല്‍ക്കേണ്ടി വന്നത് ചര്‍ച്ചയായി. മെഡിക്കല്‍ കോളജിലെ താല്‍ക്കാലിക ജീവനക്കാരിയായ നേഹാ ജോണിനാണ് മര്‍ദനമേറ്റത്. ന്യൂറോ സര്‍ജറി കഴിഞ്ഞ രോഗി അക്രമാസക്തനാവുകയും കൈ തിരിച്ച് ഒടിക്കുകയുമായിരുന്നു. പരിക്കേറ്റതിനെ തുടര്‍ന്ന് നേഹ ഇപ്പോള്‍ ചികിത്സയിലാണ്.
ഡിസ്ചാര്‍ജ് ചെയ്യുന്നതിന് മുമ്പ് കുത്തിവെപ്പ് നല്‍കുന്നതിന് വേണ്ടിയാണ് രോഗിയുടെ രോഗിക്ക് അടുത്തേക്ക് നേഹ എത്തിയത്. തുടര്‍ന്ന് അക്രമാസക്തനായ രോഗി നേഹയുടെ കൈ പിടിച്ച് തിരിക്കുകയായിരുന്നു. പരിശോധന നടത്തിയപ്പോഴാണ് കൈക്ക് പൊട്ടലുണ്ടെന്ന് മനസിലായത്. തുടര്‍ന്ന് നേഹ ഗാന്ധിനഗര്‍ പൊലീസില്‍ പരാതി നല്‍കി. നേഹയുടെ പരാതിയില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. നഴ്സിനെ ആക്രമിച്ച രോഗിയെ ഡിസ്ചാര്‍ജ് ചെയ്ത ശേഷം പറഞ്ഞു വിടുകയും ചെയ്തു.